national
അജയ് മിശ്രയെ പുറത്താക്കണം, ജുഡീഷ്യല്‍ അന്വേഷണം വേണം- കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു
ന്യൂഡൽഹി: ലഖിംപുർ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയെ കണ്ടു. ലഖിംപുർ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം, ഇതിനായി സുപ്രീം കോടതിയിലെ രണ്ട് സിറ്റിങ് ജഡ്ജിമാരെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷൻ രൂപവത്കരിക്കണമെന്നും കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി, മല്ലികാർജുന ഖാർഗെ, എ.കെ. ആന്റണി, ഗുലാം നബി ആസാദ്, പ്രിയങ്കാ ഗാന്ധി എന്നിവരുൾപ്പെടുന്ന സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. ഖേരിയിൽ കർഷകർ നിഷ്കരുണം കൊല്ലപ്പെട്ടത് ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവാണെന്ന് നേതാക്കൾ രാഷ്ട്രപതിയെ അറിയിച്ചു.
പ്രതിഷേധിക്കുന്ന കർഷകർക്കെതിരേ കേന്ദ്രമന്ത്രി അജയ് മിശ്ര ഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. അതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പ്രതിഷേധിക്കുന്ന കർഷകർക്കിടയിലേക്ക് വാഹനമോടിച്ച് കയറ്റി കൊലപ്പെടുത്തുന്ന ദാരുണമായ സംഭവം നടന്നത്. കർഷകർക്കിടയിലേക്ക് പാഞ്ഞുകയറിയ വാഹനത്തിൽ കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയും ഉണ്ടായിരുന്നുവെന്നതിന് സാക്ഷികളുണ്ട്. എന്നാൽ ഇവർക്കെതിരേ കേസെടുക്കാനോ എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ ഉത്തർപ്രദേശ് പോലീസ് ആദ്യഘട്ടത്തിൽ തയ്യാറായില്ല- തുടങ്ങിയ കാര്യങ്ങളാണ് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയെ ധരിപ്പിച്ചത്.