Headlines
Loading...
'തിരുവനന്തപുരം വിമാനത്താവളം ഇനി അദാനി നിയന്ത്രിക്കും'; ലളിതമായ ചടങ്ങില്‍ കൈമാറ്റം

'തിരുവനന്തപുരം വിമാനത്താവളം ഇനി അദാനി നിയന്ത്രിക്കും'; ലളിതമായ ചടങ്ങില്‍ കൈമാറ്റം

തിരുവനന്തപുരം വിമാനത്താവളം ഇന്നുമുതല്‍ അദാനി ഗ്രൂപ് നിയന്ത്രിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നും ഇന്നലെ അര്‍ദ്ധരാത്രിയാണ് അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറിയത്. ലളിതമായ ചടങ്ങില്‍ എയര്‍പോര്‍ട് ഡയറക്ടര്‍ സി.വി രവീന്ദ്രന്‍ അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി മധുസൂദന റാവുവിന് രേഖകള്‍ കൈമാറി. 50 വര്‍ഷത്തേക്കാണ് കരാര്‍. സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുമ്പോഴാണ് കൈമാറ്റമെന്നതും ശ്രദ്ധേയമാണ്.

ജനുവരി 19 നാണ് എഎഐയുമായി അദാനി ഗ്രൂപ്പ് കരാറില്‍ ഏര്‍പ്പെട്ടത്. കരാര്‍ പ്രകാരം വിമാനത്താവളം ഉപയോഗിക്കുന്ന ഓരോ യാത്രക്കാരനും 168 രൂപ വീതം അദാനി ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (എടിയാല്‍) എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കുന്ന തരത്തിലാണ് കരാര്‍. കരാര്‍ ഒപ്പിട്ട് 6 മാസത്തിനകം നടത്തിപ്പ് ഏറ്റെടുക്കണമെന്നായിരുന്നു നിബന്ധന. എന്നാല്‍ കൊവിഡ് ഉള്‍പ്പെടുയുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നടപ്പാക്കിയ വ്യാമയാന നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി സമയം നീട്ടണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെടുകയും തുടര്‍ന്ന് ഒക്ടോബര്‍ 18ന് മുന്‍പ് ഏറ്റെടുക്കല്‍ ആരംഭിക്കുന്ന രീതിയില്‍ സാവകാശം നല്‍കുകയുമായിരുന്നു.

വിമാനത്താവളം കൈമാറുന്നതിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നിലവിലുണ്ട്. ഇത് പരിഗണിക്കാനിരിക്കെയാണ് വിമാനത്താവളം ഏറ്റെടുക്കുന്നത്. അതേസമയം, വിമാനത്താവളം പൂര്‍ണ സജ്ജമാകുന്നതുവരെ ആറു മാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. നിലവിലുള്ള ജീവനക്കാരെ മൂന്ന് വര്‍ഷത്തേക്ക് ഡപ്യൂട്ടേഷനിലെടുക്കാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. വിമാനത്താവളത്തില്‍ 300 ജീവനക്കാരാണുള്ളത്. ഒരു വിഭാഗം ജീവനക്കാര്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടിവരും. നേരത്തെ ഉണ്ടായിരുന്ന വിമാനത്താവള വികസന അതോറിറ്റി തുടരാനും തീരുമാനിച്ചിട്ടുണ്ട്.

2019 ലാണ് തിരുവനന്തപുരം ഉള്‍പ്പെടെ ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പിന് എയര്‍പോര്‍ട്ട് അതോറിറ്റി ടെന്‍ഡര്‍ വിളിച്ചത്. തിരുവനന്തപുരത്തിനായി സംസ്ഥാന സര്‍ക്കാരും ലേലത്തില്‍ പങ്കെടുത്തിരുനന്നു. നടത്തിപ്പ് അവകാശം മാത്രമാണ് അദാനി ഗ്രൂപ്പുനുള്ളത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍, കസ്റ്റംസ്, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിയന്ത്രണത്തില്‍ തുടരുന്ന നിലയിലാണ് കരാര്‍. കൈമാറ്റത്തോടെ ചുവപ്പുനാടയില്‍ കുടുങ്ങി മുടങ്ങിയ വിമാനത്താവളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകുമെന്നും കൂടുതല്‍ സര്‍വീസുകള്‍ എത്തുമെന്നും യാത്രാനിരക്കു കുറയുമെന്നുമാണ് ഇതിനെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ.

അദാനി ഗ്രൂപ്പ് വരുന്നതോടെ തലസ്ഥാന നഗരത്തിന്റെ വികസനത്തിന് ഉതകുന്ന നിലയില്‍ വിമാനത്താവളം വളരുമെന്ന നിലപാടാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എംപി ശശി തരൂരിന്റേത്. എന്നാല്‍ വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിവ് എതിരാണ് ഇടതുപക്ഷ സംഘടനകള്‍. ഇതിനെതിരെ സമരവും ആരംഭിച്ചിട്ടുണ്ട്. സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കൈമാറ്റം ഉചിതമല്ലെന്ന നിലപാടിലാണ് ആക്ഷന്‍ കൗണ്‍സില്‍.