
kasaragod
കാസര്‍ഗോഡ് യുവാവിനെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്
കാസര്‍ഗോഡ് തിമിരടുക്കയില്‍ യുവാവിനെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി. 21കാരനായ അബ്ദുള്‍ റഹ്മാനെയാണ് പത്തംഗ സംഘം വീട്ടിലെത്തി തട്ടിക്കൊണ്ടുപോയത്. തടയാന്‍ ശ്രമിച്ച യുവാവിന്റെ മാതാവിനെ സംഘം ആക്രമിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തട്ടിക്കൊണ്ടുപോകാനെത്തിയ സംഘത്തിന്റെ കൈകളില്‍ വാളും ഇരുമ്പു വടികളുമുണ്ടായിരുന്നു.
അബ്ദുള്‍ റഹ്മാനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കിയ ശേഷം സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്ത് എത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചതായിട്ടാണ് വിവരം. യുവാവ് തൃശൂരിലെ ഒരു ഹോട്ടലില്‍ ഷവര്‍മ്മ മേക്കറാണ്. ഇയാള്‍ക്ക് എന്തെങ്കിലും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നോയെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.
തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് അയല്‍വാസിയാണ്. മാരകയുധങ്ങള്‍ ഉപയോഗിച്ച് യുവാവിനെ മര്‍ദ്ദിക്കുന്നതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.കാറില്‍ കയറാന്‍ വിസമ്മതിച്ചപ്പോള്‍ നിലത്തിട്ട് ഇരുമ്പു വടി കൊണ്ട് മര്‍ദ്ദിച്ചു. അസഭ്യം പറഞ്ഞ ശേഷം കാറില്‍ കയറ്റി കൊണ്ടുപോകുയായിരുന്നു. സംഘത്തിലുള്ളവരുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമാണ്.