national
ലോക്കോ പൈലറ്റ് നിയമനത്തിലെ തിരിമറി: 54 പേരുടെ നിയമനം നിർത്തിവച്ചു
കൊച്ചി∙ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നു 65 പേർ ജോലിക്കായി കാത്തിരിക്കുമ്പോൾ യുപിയിലെ ഗോരഖ്പുർ ആർആർബിയിൽ നിന്നു 54 പേരെ ദക്ഷിണ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരായി നിയമിക്കാനുള്ള നീക്കം വിവാദമായതോടെ റെയിൽവേ നടപടി നിർത്തിവച്ചു.
സംഭവം വിവാദമായതോടെ 54 പേരുടെ ഡൈവേർഷൻ പാനൽ അനുവദിക്കാൻ കഴിയില്ലെന്നു കാണിച്ചു ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് പഴ്സനൽ ഓഫിസർ ഗോരഖ്പുർ ആർആർബിക്കു കത്ത് നൽകി. ഇതു സംബന്ധിച്ചു റെയിൽവേ ബോർഡിനും വിശദാംശങ്ങൾ നൽകിയതായി അധികൃതർ പറഞ്ഞു. ഉദ്യോഗാർഥികളുടെ ഭാവി അവതാളത്തിലാക്കുന്ന നീക്കത്തെ കുറിച്ചു കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
2018 മുതൽ പരീക്ഷയെഴുതി കാത്തിരിക്കുന്നവരെ തഴഞ്ഞു യുപിയിൽ നിന്നുള്ളവരെ ദക്ഷിണ റെയിൽവേയിൽ നിയമിക്കാനുള്ള നീക്കമാണു നടന്നത്. റാങ്ക് പട്ടികയിലുള്ളവർക്കു ഇവിടെ ഒഴിവുകളൊന്നുമില്ലെന്നു വിവരാവകാശ മറുപടി തുടർച്ചയായി നൽകുന്നതിനിടയിലാണു കഴിഞ്ഞ ദിവസം യുപിയിലെ ഗോരഖ്പൂർ ആർആർബിയിൽ നിന്നുള്ള 54 പേരെ ദക്ഷിണ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരായി നിയമിച്ച് ഉത്തരവിറങ്ങിയത്.
ദക്ഷിണേന്ത്യയിൽ എത്ര ഒഴിവുണ്ടെന്നു കണക്കാക്കി അതിലേക്കു മാത്രം അപേക്ഷ ക്ഷണിക്കുമ്പോൾ ഉത്തരേന്ത്യയിൽ ആവശ്യത്തിൽ കൂടുതൽ പേരുടെ പട്ടികയാണു പുറത്തിറക്കുന്നതെന്നാണ് ആക്ഷേപം. ഏതു സോണിലാണോ പരീക്ഷയെഴുതുന്നതു, ആ സോണിലെ നിയമനത്തിനു മാത്രമേ പരിഗണിക്കൂവെന്നാണു നിബന്ധന. മറ്റു സോണിൽ ഒഴിവുണ്ടെങ്കിലും പരിഗണിക്കില്ല. എന്നാൽ അതെല്ലാം അട്ടിമറിച്ചാണു 54 പേരെ കുത്തി തിരുകാൻ നീക്കം നടന്നത്.