Tokyo Olympics 2020
ചരിത്രത്തിനരികെ ഇന്ത്യന്‍ വനിതകള്‍ പൊരുതിവീണു; തലയുയര്‍ത്തി മടക്കം
വനിതാ ഹോക്കിയില്‍ ഒളിമ്പിക്‌സ് മെഡല്‍ എന്ന ചരിത്രനേട്ടത്തിനരികെ പൊരുതിവീണ് ഇന്ത്യന്‍ വനിതകള്‍. ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനത്തുള്ള ബ്രിട്ടനോടാണ് ഇന്ത്യ പൊരുതിത്തോറ്റത്. മൂന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയെ ബ്രിട്ടന്‍ വീഴ്ത്തിയത്.
ഇന്ത്യക്കായി ഗുര്‍ജീത് കൗര്‍ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ വന്ദനാ കടാരിയയാണ് മൂന്നാം ഗോള്‍ നേടിയത്. ബ്രിട്ടനണു വേണ്ടി എലേന റെയര്‍, സാറ റോബര്‍ട്ട്‌സണ്‍, നായിക ഹോളി പിയേണ്‍ വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍ എന്നിവരാണ് സ്‌കോര്‍ ചെയ്തത്. തോല്‍വിയിലും തലയുയര്‍ത്തിയാണ് ഇന്ത്യയുടെ മടക്കം.
മത്സരത്തില്‍ മികച്ച തുടക്കമായിരുന്നു ഇന്ത്യയുടേത്. കരുത്തരായ എതിരാളികള്‍ക്കെതിരേ ആക്രമിച്ചു കളിച്ചു തുടങ്ങിയ ഇന്ത്യക്ക് അതേ നാണയത്തില്‍ ബ്രിട്ടനും മറുപടി നല്‍കി. എന്നാല്‍ ഗോള്‍ പോസ്റ്റിനു കീഴില്‍ സവിതാ പൂനിയയുടെ മിന്നുന്ന സേവുകള്‍ ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറിന്റെ ആദ്യ മിനിറ്റില്‍ തന്നെ ബ്രിട്ടന്‍ ഇന്ത്യന്‍ പ്രതിരോധം തകര്‍ത്തു. ഇടതു വിങ്ങില്‍ നിന്ന് എലേന റെയര്‍ നടത്തിയ മികച്ച നീക്കത്തിനൊടുവില്‍ ഇന്ത്യന്‍ താരം ദീപ് ഗ്രേസിന്റെ സ്റ്റിക്കില്‍ തട്ടി പന്ത് വലയില്‍ കയറുകയായിരുന്നു. ലീഡ് നേടിയതോടെ ആക്രമണം കടുപ്പിച്ച ബ്രിട്ടന്‍ എട്ടു മിനിറ്റിനകം രണ്ടാം ഗോളും കണ്ടെത്തി.
ശ്രീശാന്തിന്റെ കുറിപ്പ് ഷോണ മക്കാലിന്‍ നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ഷോണയുടെ പാസില്‍ നിന്ന് പന്തു സ്വീകരിച്ച് സാറ റോബര്‍ട്ട്‌സണ്‍ തൊടുത്ത ഷോട്ട് സവിതയെ കീഴടക്കുകയായിരുന്നു. രണ്ടു ഗോളിനു പിന്നാലയത് ഇന്ത്യയുടെ ആക്രമണവീര്യം കൂട്ടുകയാണ് ചെയ്തത്. അഞ്ചു മിനിറ്റിനിടെ മൂന്നു തവണ ബ്രിട്ടന്റെ വലകുലുക്കിയാണ് ഇന്ത്യ തിരിച്ചടിച്ചത്. തുടരെ ആക്രമിച്ചു കയറി സമ്പാദിച്ചെടുത്ത പെനാല്‍റ്റി കോര്‍ണറുകളിലൂടെയായിരുന്നു ആദ്യ രണ്ടു ഗോളുകള്‍. രണ്ടു സ്‌കോര്‍ ചെയ്തത് ഗുര്‍ജിത് കൗറാണ്. 25-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ ഗുര്‍ജിത് തൊട്ടുത്ത മിനിറ്റില്‍ തന്റെ രണ്ടാം ഗോളും കണ്ടെത്തി ടീമിനെ ഒപ്പമെത്തിച്ചു.
ഒപ്പമെത്തിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഇന്ത്യ മൂന്നു മിനിറ്റിനകം മൂന്നാം ഗോളും നേടി ലീഡും സ്വന്തമാക്കി. ഇക്കുറി വന്ദനാ കടാരിയയാണ് സ്‌കോര്‍ പട്ടികയില്‍ ഇടംപിടിച്ചത്. ബ്രിട്ടീഷ് ഗോള്‍മുഖത്തുണ്ടായ കൂട്ടപ്പൊരിച്ചിലിനിടയില്‍ റീബൗണ്ട് ചെയ്തു കിട്ടിയ പന്ത് വന്ദന വലയില്‍ നിക്ഷേപിക്കുകയായിരുന്നു. മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ പ്രതിരോധത്തെ നിരന്തരം പരീക്ഷിക്കുകയായിരുന്നു ബ്രിട്ടീഷ് താരങ്ങള്‍. എന്നാല്‍ സവിത പൂനിയയുടെ മിന്നുന്ന സേവുകള്‍ വീണ്ടും ഇന്ത്യയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. ഒടുവില്‍ 34-ാം മിനിറ്റില്‍ അവര്‍ സമനില നേടി. നായിക ഹോളി പിയേണ്‍ വെബ്ബായിരുന്നു സ്‌കോറര്‍. മൂന്നാം ക്വാര്‍ട്ടറില്‍ ശേഷിച്ച മിനിറ്റുകളില്‍ ഇന്ത്യ ലീഡിനായി പൊരുതിയെങ്കിലും ബ്രിട്ടീഷ് പ്രതിരോധം വഴങ്ങിയില്ല. നാലാം ക്വാര്‍ട്ടറില്‍ 48-ാം മിനിറ്റിലാണ് ഇന്ത്യയെ ഞെട്ടിച്ച് ബ്രിട്ടന്‍ വീണ്ടും ലീഡ് നേടിയത്. പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. അതുവരെ മികച്ച സേവുകളുമായി തിളങ്ങിയ സവിതയെ കീഴടക്കി ഗ്രേസ് ബാല്‍സ്ഡണാണ് നാലാം ഗോള്‍ നേടിയത്. നേരത്തെ സെമിയില്‍ 2-1 എന്ന സ്‌കോറില്‍ അര്‍ജന്റീനയോടാണ് ഇന്ത്യന്‍ വനിതകള്‍ പൊരിതിത്തോറ്റത്. ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള അര്‍ജന്റീനയെ നാലു ക്വാര്‍ട്ടറിലും വെള്ളം കുടിപ്പിച്ച ശേഷമായിരുന്നു തോല്‍വി.
ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പിച്ചാണ് ഇന്ത്യ അവസാന നാലില്‍ ഇടംപിടിച്ചത്. ഇതിനു മുമ്പ് 1980-ലും ഇന്ത്യ നാലാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ അന്ന് മുന്‍നിര ടീമുകള്‍ ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ചതോടെ വെറും ആറു ടീമുകള്‍ മാത്രമാണ് മത്സരിച്ചത്. റൗണ്ട് റോബിന്‍ ലീഗ് മാതൃകയില്‍ നടന്ന മത്സരങ്ങളില്‍ പോയിന്റ് നിലയില്‍ നാലാമതായാണ് ഇന്ത്യ അന്നു ഫിനിഷ് ചെയ്തത്. അതു കൂടാതെ ഒരു തവണയെ വനിതകള്‍ ഒളിമ്പിക്‌സിന് യോഗ്യത നേടിയിട്ടുള്ളു.