ചരിത്രം തിരുത്തിയെഴുതിയവര്‍ക്ക് സ്വാഗതം; ഇന്ത്യയുടെ മെഡല്‍ ജേതാക്കള്‍ തിരിച്ചെത്തി
ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിലെ അവസാന സംഘം ഇന്ത്യയിൽ തിരിച്ചെത്തി. താരങ്ങളെ സ്വീകരിക്കാൻ ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആയിരക്കണക്കിന് ആരാധകരെത്തി. ജാവലിൻ ത്രോയിൽ സ്വർണം നേടി ചരിത്രമെഴുതിയ നീരജ് ചോപ്രയും ഗുസ്തിയിൽ വെള്ളി നേടിയ രവി കുമാർ ദഹിയയും വെങ്കലം നേടിയ ബജ്റംഗ് പുനിയയും ബോക്സിങ്ങിൽ വെങ്കലം സ്വന്തമാക്കിയ ലവ്ലിനയും സംഘത്തിലുണ്ടായിരുന്നു.
ഈ സ്വീകരണം പ്രതീക്ഷിച്ചിരുന്നതായും രാജ്യത്ത് തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും നീരജ് പ്രതികരിച്ചു. താരത്തിന്റെ കുടുംബാംഗങ്ങളും ഹരിയാണയിൽ നിന്ന് ന്യൂഡൽഹിയിലെത്തിയിരുന്നു.
ഭാരോദ്വഹനത്തിലെ വെള്ളി ജേതാവ് മീരാബായ് ചാനുവും ബാഡ്മിന്റണിൽ വെങ്കലം നേടിയ പിവി സിന്ധുവും നേരത്തെ തന്നെ ഇന്ത്യയിലെത്തിയിരുന്നു. അതേസമയം ടോക്യോയിൽ വെങ്കലം നേടി ചരിത്രമെഴുതിയ ഹോക്കി ടീം ഇന്ത്യയിലെത്താൻ അൽപം വൈകും.