kerala
രാജ്യം കൈവരിച്ച നേട്ടങ്ങള്‍ മോദി സര്‍ക്കാര്‍ വിറ്റ് തുലയ്ക്കുന്നു; കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ധന സമാഹരണ പദ്ധതിയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ 75 വര്‍ഷക്കാലമായി രാജ്യം കൈവരിച്ച നേട്ടങ്ങള്‍ എല്ലാം മോദി സര്‍ക്കാര്‍ വില്‍പ്പന ചരക്കാക്കിയെന്നായിരുന്നു രാഹുലിന്റെ ആരോപണം. ധനസമാഹരണ പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ ചൊവ്വാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍.
മോദിയുടെ സുഹൃത്തുക്കളായ ഒന്നോ രണ്ടോ വ്യവസായികളെ സഹായിക്കാന്‍ മാത്രമാണ് ഇപ്പോള്‍ ധന സമാഹരണ പദ്ധതി എന്ന പേരില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍. രാജ്യത്ത് ഇനി വിറ്റു തുലയ്ക്കാന്‍ വിരലില്‍ എണ്ണാവുന്ന സ്ഥാപനങ്ങള്‍ മാത്രമാണുള്ളത്. തല തിരിഞ്ഞ നയങ്ങള്‍ രാജ്യത്ത് തൊഴില്‍ പ്രതിസന്ധി രൂക്ഷമാക്കിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ മാത്രമാണ് രാജ്യത്ത് നിലവിലുള്ളത്. ബിജെപി നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ക്ക് ഒന്നും അവകാശപ്പെടാന്‍ ഇല്ലെന്നും രാഹുല്‍ ഗാന്ധികുറ്റപ്പെടുത്തി. വികസന പ്രവര്‍ത്തനത്തിന് സ്വകാര്യ പങ്കാളിത്തം എന്ന നയത്തിന് കോണ്‍ഗ്രസ് എതിരല്ല. എന്നാല്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ച നയങ്ങള്‍ യുക്തിക്ക് നിരക്കുന്നതായിരുന്നു. ഇന്ത്യയുടെ കിരീടത്തിലെ രത്നങ്ങളെയാണ് മോദി സര്‍ക്കാര്‍ വിറ്റ് നശിപ്പിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തി വിറ്റ് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജായിരുന്നു ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. റോഡ്, റെയില്‍വേ, ഊര്‍ജം, എണ്ണ-വാതക പൈപ്പ്ലൈന്‍, ടെലികോം തുടങ്ങി 13 അടിസ്ഥാനസൗകര്യ മേഖലകളിലെ ഇരുപതിലധികം ആസ്തികളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവന്നാണ് ഇത്രയും തുക സമാഹരിക്കുക. കോഴിക്കോട് വിമാനത്താവളം ഉള്‍പ്പെടെ 25 വിമാനത്താവളങ്ങളുടെ സ്വകാര്യ വത്കരണത്തോടെ 20,782 കോടി സമാഹരിക്കും. ആറ് ലക്ഷം കോടിയുടെ 18 ശതമാനം ആണ് ഇത്തരത്തില്‍ വിമാന താവളങ്ങളില്‍ നി്ന്നും സമാഹരിക്കുക. 2023-ലാണ് കോഴിക്കോട് വിമാനത്താവളം കൈമാറുന്നതിന് പദ്ധതിയിട്ടിരിക്കുന്നത്.