kerala
'നിയമലംഘകര്‍ക്ക് ചായ വാങ്ങിക്കൊടുക്കാനാകുമോ?'; പൊലീസ് നടപടിയെ ന്യായീകരിച്ച് വിജയരാഘവന്‍
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘകര്‍ക്ക് പിഴയീടാക്കുന്ന പൊലീസ് നടപടിയെ ന്യായികരിച്ച് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. നിയമലംഘകര്‍ക്ക് ചായ വാങ്ങിക്കൊടുക്കാനാകുമോ എന്ന് പരിഹസിച്ച അദ്ദേഹം നിയമം ലംഘിക്കാത്ത ആര്‍ക്കും പൊലീസ് പിഴയീടാക്കിയതായി അറിയില്ലെന്നും അഭിപ്രായപ്പെട്ടു. കൊവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ പൊലീസ് അന്യായമായി പിഴയീടാക്കുന്നതായ ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് വിജയരാഘവന്റെ പ്രതികരണം.
കൊവിഡ് പശ്ചാത്തലത്തിലെ പൊലീസിന്റെ പിഴ ഈടാക്കല്‍ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസിനെ അനുകൂലിച്ച് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രമായി സംസ്ഥാനത്ത് 70,൦൦൦ ത്തോളം പേര്‍ക്ക് പിഴയിട്ടതായാണ് റിപ്പോര്‍ട്ട്. മാസ്‌ക് ധരിക്കാത്തതിന് 45,279 പേരില്‍നിന്നും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തില്‍ 20,709ലേറെ പേരില്‍നിന്നും പിഴയീടാക്കിയിട്ടുണ്ട്. 3,951 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ക്ഷേത്രദര്‍ശനത്തിനെത്തിയ കുടുംബത്തില്‍ നിന്നും 17,500 രൂപ ഈടാക്കിയതും തിരുവനന്തപുരം ശ്രീകാര്യത്ത് ബലിയിടാന്‍ പോയ വിദ്യാര്‍ത്ഥിയില്‍നിന്ന് 2,000 രൂപ പിഴ എടുത്തതും മത്സ്യതൊഴിലാളി സ്ത്രീയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചതിലും സംസ്ഥാനത്തെ പൊലീസിനെതിരെ ആരോപണം കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി വിജയരാഘവന്‍ രംഗത്തെത്തിയത്.