ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം
ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് പൊന്നിന്റെ വിലയുള്ള വെങ്കലം. കരുത്തരായ ജർമ്മനിയെ തോല്പിച്ചത് നാലിനെതിരെ അഞ്ച് ഗോളുകൾക്ക്. ഇന്ത്യയ്ക്കായി സിമ്രൻ ജിത് സിങ് ഇരട്ട ഗോളുകൾ നേടി. ഹാര്‍ദ്ദിക്, ഹര്‍മന്‍ പ്രീത്, രൂപീന്ദര്‍ പാല്‍ എന്നിവരും ഗോള്‍ നേടി.
ഒരു സമയത്ത് രണ്ട് ഗോളുകൾക്ക് പിന്നിലായ ശേഷമാണ് ഇന്ത്യയുടെ അവിസ്മരണീയ തിരിച്ചു വരവ്. വെങ്കല മെഡൽ നേടിയതോടെ 41 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്. 1980 ലെ മോസ്കോ ഒളിംപിക്സിലാണ് പുരുഷ ഹോക്കിയിൽ ഇന്ത്യ അവസാനം മെഡല്‍ നേടുന്നത്. അന്നത്തെ ആ സ്വര്‍ണ്ണമെഡല്‍ തന്നെയായിരുന്നു ഹോക്കിയിൽ അവസാനം ലഭിച്ച മെഡലും.
ടോക്കിയോയില്‍ വെങ്കലം നേടിയതോടെ ഹോക്കിയില്‍ ഇന്ത്യയുടെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചെത്തിയ സൂചനകളാണ് കായിക ലോകത്തിന് ഇന്ത്യ നല്‍കുന്നത്.
നിരവധി പ്രമുഖരും ആരാധകരും സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ആശംസ നല്‍കി.
1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്. ഒരുവേള 1-3ന് പിന്നിട്ടുനിന്ന ശേഷം അതിശക്തമായ തിരിച്ചുവരവില്‍ ജയിച്ചുകയറുകയായിരുന്നു നീലപ്പട. മലയാളി ഗോളി പി ആര്‍ ശ്രീജേഷിന്‍റെ മിന്നും സേവുകള്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി.
ആദ്യ ക്വാര്‍ട്ടറില്‍ തിമൂറിലൂടെ ജര്‍മനി ലീഡെടുത്തിരുന്നു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. വൈകാതെ വില്ലെന്‍ ജര്‍മനിക്ക് വീണ്ടും മുന്‍തൂക്കം നല്‍കി. പിന്നാലെ ഫര്‍ക്കിലൂടെ ജര്‍മനി 3-1ന്‍റെ വ്യക്തമായ ആധിപത്യം നേടുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം ഇരട്ട ഗോളുമായി തിരിച്ചെത്തുന്ന ഇന്ത്യയെയാണ് ടോക്കിയോയില്‍ കണ്ടത്.
റബൗണ്ടില്‍ നിന്ന് ഹര്‍ദിക് മത്സരത്തില്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ ഹര്‍മന്‍പ്രീതാണ് മൂന്നാം ഗോളുമായി ഇന്ത്യയെ ഒപ്പമെത്തിച്ചു. ഇതോടെ സ്‌കോര്‍ 3-3. ടൂര്‍ണമെന്‍റില്‍ ഹര്‍മന്‍പ്രീതിന്‍റെ ആറാം ഗോള്‍ കൂടിയാണിത്. മൂന്നാം ക്വാര്‍ട്ടറിലും ഇന്ത്യ അതിശക്തമായ തിരിച്ചുവരവ് തുടര്‍ന്നതോടെ ഗോള്‍മഴയായി. രൂപീന്ദറും സിമ്രന്‍ജിതും ലക്ഷ്യം കണ്ടപ്പോള്‍ ഇന്ത്യ 5-3ന്‍റെ ലീഡ് കയ്യടക്കി.