kerala
'നന്ദി കാണിച്ചില്ലെങ്കിലും നന്ദി കേട് കാണിക്കരുത്'; മലബാര്‍ കലാപ നേതാക്കള്‍ രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായവരെന്ന് മുസ്ലിം ലീഗ്
സ്വാതന്ത്ര്യ സമര നേതാക്കളുടെ പുതുക്കിയ പട്ടികയില്‍ നിന്നും മലബാര്‍ കലാപ നേതാക്കളുടെയുള്‍പ്പെടെ പേരുകള്‍ ഒഴിവാക്കിയതിനെതിരെ മുസ്ലിം ലീഗ്. ചരിത്രത്തെ വളച്ചൊടിക്കരുതെന്നും യുവ തലമുറയോട് ചെയ്യുന്ന നീതി കേടാണിതെന്നും മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. ചരിത്ര നേതാക്കളോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചരിത്ര പുരുഷന്‍മാര്‍ ജീവിക്കുന്നത് ജനഹൃദയങ്ങളിലാണെന്നും രേഖകളിലല്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
സാദിഖലി തങ്ങളുടെ വാക്കുകള്‍,
'രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് രകത്സാക്ഷികളായവരാണ് മലബാര്‍ കലാപ നേതാക്കള്‍. സ്വത്തും സമ്പാദ്യവുമെല്ലാം രാജ്യത്തിന് വേണ്ടി ബലിയര്‍പ്പിച്ചവരാണ് അവര്‍. അവരോട് നന്ദി കാണിക്കുക എന്നതാണ് രാജ്യം ചെയ്യേണ്ടത്. ഇനി നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുതെന്നാണ് എനിക്കവരോട് പറയാനുള്ളത്. മലബാര്‍ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന് എല്ലാവരും അംഗീകരിച്ചതാണ്. ചരിത്രവുമായി ബന്ധപ്പെട്ടവരെല്ലാം തന്നെ അത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ചരിത്രം തേച്ചു മാച്ചു കളയാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്നു. ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ, ഇന്ത്യയുടെ ശില്‍പ്പിയായ ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെയൊക്കെ പേരുകള്‍ പുരസ്‌കാരങ്ങളില്‍ നിന്നെടുത്തു മാറ്റുന്നു. അവരുടെയൊക്കെ പേരുകളിലുള്ള പദ്ധതികള്‍ മരവിപ്പിക്കുന്നു. ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമമാണിത്. എത്രയൊക്കെ വക്രീകരിച്ചാലും ചരിത്രം ചരിത്രമായി നിലനില്‍ക്കും. സത്യസന്ധമായി ചരിത്രത്തിലൂടെ സംവദിക്കുമ്പോഴാണ് തലമുറകളോട് നീതി കാണിക്കുന്നത്. ഇപ്പോള്‍ വരുന്ന തലമുറയോട് അനീതി കാണിക്കുകയാണ്'
കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍, 'ബിജെപിയുടെ അജണ്ടയാണിത്. സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും വര്‍ഷമായിട്ട് ഇതുവരെ ആര്‍ക്കും സംശയമില്ലാത്ത കാര്യങ്ങളിലാണ് കേന്ദ്ര സര്‍ക്കാരിന് സംശയം വന്നിരിക്കുന്നത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കാര്യത്തില്‍ മാത്രമല്ല പലരിലും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് സംശയമാണ്. ഉത്തരേന്ത്യയില്‍ ഓരോ നഗരങ്ങളുടെ പേരുകള്‍ മാറ്റി വരികയാണ്. താജ്മഹല്‍ പോലും അവര്‍ക്ക് സംശയമാണ്. ചരിത്രത്തെ തലകുത്തനെ നിര്‍ത്താനുള്ള ശ്രമത്തെ ഇന്ത്യയെന്നല്ല ലോകം അംഗീകരിക്കില്ല. ലോകത്തിലെ തന്നെ വലിയ അത്ഭുതമായ താജ്മഹലിനെ അംഗീകരിക്കാന്‍ ബോധമില്ലാത്തവരോട് പിന്നെ എന്തു പറയാനാണ്. അതു പോലെ തന്നെയാണ് വാരിയം കുന്നത്തിനെക്കുറിച്ച് പറയുന്നത്. ബ്രിട്ടീഷുകാരോടാണ് അദ്ദേഹം പോരാടിയത്. ആര്‍ക്കാണ് അത് അറിയാത്തത്. ചരിത്രത്തെ മാറ്റിമറിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന് കഴിയില്ല. ചരിത്ര പുരുഷന്‍മാര്‍ ജീവിക്കുന്നത് ജനഹൃദയങ്ങളിലാണ്. രേഖകളിലല്ല. അവര്‍ എന്ത് രേഖ തിരുത്തിയാലും ഈ സംഭവം മായാനും മറയാനും പോവുന്നില്ല. പാര്‍ലമെന്റ്ിലും പുറത്തുമായി വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാവും.