kerala
എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കും; 'വിദ്യാകിരണം' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
സംസ്ഥാനത്ത് എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള 'വിദ്യാകിരണം' പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച പോര്‍ട്ടലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. പണമായും ഉപകരണമായും പോര്‍ട്ടല്‍ വഴി സംഭാവനകള്‍ സ്വീകരിക്കാന്‍ കഴിയും വിധമാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
നിലവില്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ കണക്ക് ശേഖരിച്ചതായും പ്രവാസികളുടെ അടക്കം വലിയ പിന്തുണ പുതിയ പദ്ധതിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്റെര്‍നെറ്റ് കണക്റ്റിവിറ്റി പ്രശ്‌നങ്ങള്‍ നേരിടുന്ന മേഖലകളിളെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗുണമേന്മാ വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ രംഗത്ത് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. ദേശീയതലത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകളിലെല്ലാം നമ്മുടെ മികവ് പ്രതിഫലിച്ചു. കുട്ടികളിലുണ്ടായ ഗുണകരമായ മാറ്റങ്ങള്‍ നാടിന്റെ അനുഭവം കൂടിയാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ അക്കാദമിക ഇടപെടലില്‍ നിന്നു ആര്‍ജിച്ച അറിവുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഡിജിറ്റല്‍ വിദ്യാഭ്യാസം വിപുലീകരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
വീട് തന്നെ വിദ്യാലയമായി മാറിയ സാഹചര്യത്തില്‍ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും അവരവരുടെ പാഠഭാഗങ്ങള്‍ ആസ്പദമാക്കി സംവാദാത്മ ക്ലാസ്സുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കലാണ് 'വിദ്യാകിരണം' പദ്ധതിയുടെ ലക്ഷ്യം. എല്ലാ കുട്ടികള്‍ക്കും ക്ലാസ്സ് അനുഭവവേദ്യമാകാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. പാഠപുസ്തകം ലഭ്യമാക്കുന്നതുപോലെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഇപ്പോള്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാമൂഹ്യനീതിയും അവസരതുല്യതയും ഉറപ്പുവരുത്തി വിദ്യാഭ്യാസത്തെ കൂടുതല്‍ കരുതലുള്ള ജനാധിപത്യയിടമാക്കി മാറ്റേണ്ടതുണ്ട്.
ഈ ലക്ഷ്യങ്ങളെല്ലാം സാധ്യമാകുന്നതിന് ഓൺലൈൻ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ജനകീയ ക്യാമ്പയിൻ വിഭാവനം ചെയ്തിരിക്കുകയാണ്. ക്യാമ്പയിന്റെ ലക്ഷ്യങ്ങള്‍: ഗുണമേന്മ വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്ന കാഴ്ചപ്പാടില്‍ ഊന്നി നിന്നുകൊണ്ട് എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് അവസരം ഒരുക്കാന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉറപ്പാക്കല്‍. ഒരു കുട്ടിയും പരിധിക്ക് പുറത്താകാത്തവിധം ഓണ്‍ലൈന്‍ ക്ലാസ്സില്‍ തടസ്സങ്ങളില്ലാതെ പങ്കെടുക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കല്‍. ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ സംബന്ധിച്ച് രക്ഷകര്‍ത്താ ക്കളെയും സമൂഹത്തെയും ബോധവല്‍ക്കരണം നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍.
ജനകീയ ജനാധിപത്യ മതനിരപേക്ഷ വിദ്യാഭ്യാസം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ശക്തിപ്പെടുത്തുക വിഭവസമാഹരണം സുതാര്യമാക്കുന്നതിനും സുഗമമാക്കുന്നതിനും ഉതകുന്ന വിധത്തില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തന്നെ സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുകയാണ്. കേരളത്തിനകത്തും പുറത്തുമുള്ള വ്യവസായികളും, പ്രവാസികളും, പൊതുമേഖലാ, സ്വകാര്യ മേഖലാ രംഗത്തുള്ളവരും, ജനപ്രതിനിധികളും ബഹുജനങ്ങളും ഒന്നിച്ചുനിന്നുകൊണ്ട് ഈ ക്യാമ്പയിന്‍ ഏറ്റെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചു.