entertainment desk
'മാസ്സ്'മരികം; സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടിയുടെ പുതിയ ചിത്രവും
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ ചിത്രങ്ങൾക്ക് ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ ട്രെൻഡ് അവസാനിക്കുന്നതിന് മുൻപ് തന്നെ പുതിയ ചിത്രവും എത്തി. കോട്ട് അണിഞ്ഞ് ഇരിക്കുന്ന ചിത്രം താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 'ഞാൻ എവിടെ പോയാലും എന്റേതായ സ്പേസ് സൃഷ്ടിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. നടന്റെ ചിത്രത്തിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. 'മാസ്സ്'മരികം എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്. ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിന് വേണ്ടിയുള്ള മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് മമ്മൂട്ടി ഇപ്പോഴുള്ളത്. ഭീഷ്മപര്‍വ്വത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നപ്പോള്‍ തന്നെ ആരാധകര്‍ക്ക് ഈ ഗെറ്റപ്പ് ഇഷ്ടപ്പെട്ടിരുന്നു. രണ്ടാം കൊവിഡ് തരംഗം വന്ന് ഷൂട്ട് മുടങ്ങിയതോടെ മമ്മൂട്ടി ഇപ്പോഴും ഇതേ ലുക്കില്‍ തന്നെയാണ് തുടരുന്നത്. മാത്രമല്ല ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങളും താരം ഇടക്ക് പങ്കുവെക്കുന്നുണ്ട്.
അതേസമയം മമ്മൂട്ടി അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പിന്നിട്ടതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. മമ്മൂട്ടിയെ ആദരിക്കുന്നതിന് കേരള സര്‍ക്കാര്‍ പ്രത്യേക പരിപാടി ഒരുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തന്റെ പേരിലുള്ള ആഘോഷം കൊവിഡ് കാലത്ത് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു. ആഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു മമ്മൂട്ടിയുടെ അഭ്യര്‍ത്ഥന. കൊവിഡ് കാലത്ത് പണം മുടക്കി ഒരു ആദരവും തനിക്ക് വേണ്ടെന്ന് മമ്മൂട്ടി പറഞ്ഞതായി മന്ത്രി സജി ചെറിയാനാണ് കഴിഞ്ഞദിവസം പറഞ്ഞത്.
സജി ചെറിയാന്റെ വാക്കുകള്‍: ''മമ്മൂക്കയെ നമ്മള്‍ ആദരിക്കുന്നത് അമ്പത് വര്‍ഷങ്ങളുടെ സഹചര്യത്തില്‍ മാത്രമല്ല. അതിനൊരു സാഹചര്യം ലഭിച്ചപ്പോള്‍ അത് ഉപയോഗപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ അദ്ദേഹം മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിക്കുവാന്‍ തീരുമാനിച്ചത്. 1971ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ തുടക്കം കുറിച്ചു. പിന്നീട് ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം സിനിമയില്‍ സജീവമായി. ഈ അമ്പത് വര്‍ഷത്തെ വഴികള്‍ക്ക് ഇടയില്‍ ഒരു ഒഴിവ് ഉണ്ടായി എന്നത് നോക്കേണ്ട കാര്യമില്ല. ഒരുപാട് വ്യത്യസ്തമായ സിനിമകളും കഥാപാത്രങ്ങളും അദ്ദേഹത്തിന് ലഭിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യങ്ങള്‍. അവയെ ജീവിക്കുന്ന കഥാപാത്രങ്ങളാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.''
'ഇതിന്റെ ഭാഗമായി ദേശീയ പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടി. സംസ്ഥാന സര്‍ക്കാരിന്റെ നിരവധി അവാര്‍ഡുകള്‍, കേരള സര്‍വകലാശാലയുടെയും കാലിക്കറ്റ് സര്‍വകലാശാലയുടെയും ഡോക്ടറേറ്റ്, പിന്നെ എണ്ണിയാല്‍ ഒടുങ്ങാത്ത അത്രയും പുരസ്‌കാരങ്ങള്‍. ഈ കാലയളവില്‍ ജീവിച്ചിരിക്കുന്ന സിനിമാ മേഖലയിലെ പ്രധാനപ്പെട്ട ഒരു വ്യക്തിത്വം എന്ന നിലയില്‍ അദ്ദേഹത്തെ ആദരിക്കാന്‍ ലഭിച്ച ഈ അവസരം തീര്‍ച്ചയായും ഒരു ഭാഗ്യമായാണ് ഞങ്ങള്‍ കാണുന്നത്. മമ്മൂട്ടിയെ ആദരിക്കുന്നതിനെക്കുറിച്ച് അദ്ദേഹവുമായി ഇന്ന് വിളിച്ച് സംസാരിച്ചു. അദ്ദേഹം ഒരു കാര്യം മാത്രമാണ് പറഞ്ഞത് സാമ്പത്തികം മുടക്കിയ ഒരു ആദരവും എനിക്ക് വേണ്ട എന്ന് മമ്മൂട്ടി പറഞ്ഞു. ഞാന്‍ പറഞ്ഞു താങ്കളുടെ ആഗ്രഹം അങ്ങനെ ആണെങ്കില്‍ അങ്ങയുടെ സമയം നല്‍കണം എന്ന്. അദ്ദേഹം ചെറിയ ചടങ്ങ് മതിയെന്ന് വീണ്ടും പറഞ്ഞു. ചെറിയ ചടങ്ങ് ആണെങ്കിലും വലിയ ചടങ്ങ് ആണെങ്കിലും പണം വേണമെന്ന് പറഞ്ഞാലും വേണ്ട എന്ന് പറഞ്ഞാലും ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷത്തിന്റെ മുഹൂര്‍ത്തമാണ്. കേരളത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവന അത് വളരെ വലുതാണ്.'' ''വലിയ ആശയങ്ങള്‍ സംഭാവന ചെയ്ത മഹാനായ ഒരു കലാകാരനാണ് അദ്ദേഹം. പ്രത്യേകിച്ച് മതനിരപേക്ഷമായ അന്തരീക്ഷത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ശരിക്കും കഥാപാത്രങ്ങളുടെ മാത്രമല്ല വ്യക്തിപരമായും അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തന്നെ ഉദ്ദാഹരണമായി എടുക്കാം. എന്റെ മനസ്സിലേക്ക് അദ്ദേഹത്തിന്റെ പേര് കടന്നു വരുവാന്‍ ഉണ്ടായ ഒരു കാരണം അതാണ്. കെയര്‍ ആന്‍ഡ് ഷെയര്‍ പ്രൊജക്റ്റ്, വിദ്യാമൃതം പദ്ധതി. തനിക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന ഒരു വ്യക്തിയാണ്.'' മന്ത്രി പറഞ്ഞു