Headlines
Loading...
'മാനസയുടെ മരണം വേദനിപ്പിച്ചു'; ചങ്ങരംകുളത്ത് യുവാവ് ജീവനൊടുക്കി

'മാനസയുടെ മരണം വേദനിപ്പിച്ചു'; ചങ്ങരംകുളത്ത് യുവാവ് ജീവനൊടുക്കി

കണ്ണൂര്‍ സ്വദേശിനിയായ യുവ ഡോക്ടര്‍ മാനസയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളം വളയംകുളം മനക്കല്‍കുന്ന് സ്വദേശി വിനീഷ് (33) ആണ് മരിച്ചത്. വീടിന്റെ അടുക്കള ഭാഗത്തായാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മാതാവിനോടൊപ്പം തനിച്ചാണ് വിനീഷ് താമസിച്ചു വരുന്നത് സംഭവസമയത്ത് വിനീഷ് തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വം ഇല്ലെന്നും മാനസയുടെ മരണം വേദനിപ്പിച്ചെന്നും യുവാവ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. 

സംഭവം ശ്രദ്ധയിൽ പെട്ട പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത് തുടർന്ന് ചങ്ങരംകുളം ചങ്ങരകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മൃതദേഹം താഴെയിറക്കി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു. ബിഡിഎസ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന മാനസയെ കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ സ്വദേശിയായ രഖില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലപാതത്തിന് പിന്നാലെ യുവാവും ആത്മഹത്യ ചെയ്തിരുന്നു. 

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വര്‍ഷ ഡെന്റല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു മാനസ. കോളേജിനടുത്ത് തന്നെയുള്ള ഹോസ്റ്റലിലായിരുന്നു താമസം. ഇവിടെ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു രാഖിലിന്റെ വരവ്. ഹോസ്റ്റല്‍ മുറിയിലേക്ക് ഇടിച്ചുകയറിയ രഖില്‍ മാനസയെ പിടിച്ചുവലിച്ച് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നെന്നാണ് വിവരം. തുടര്‍ന്ന് മുകള്‍നിലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ബഹളം കേട്ട് താഴേക്ക് എത്തിയപ്പോഴേക്കും വെടിയൊച്ച കേട്ടിരുന്നു. പിന്നാലെ വീണ്ടും വെടിയൊച്ച ഉയര്‍ന്നു. വെടിശബ്ദം കേട്ട് നാട്ടുകാരും ഓടിക്കൂടി. മുറി തള്ളിത്തുറന്നപ്പോള്‍ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുന്‍പ് മരണം സംഭവിച്ചു.