international desk
കാബൂളും കീഴടക്കി താലിബാന്‍; ഒടുവില്‍ കീഴടങ്ങി അഫ്ഗാന്‍ സര്‍ക്കാര്‍: ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്ന് ആഭ്യന്തരമന്ത്രി
കാബൂള്‍: അഫ്ഗാന്‍ സര്‍ക്കാര്‍ ഒടുവില്‍ കീഴടങ്ങി. സര്‍ക്കാര്‍ രാജിവെക്കുമെന്നും ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്നും നിലവിലെ ആഭ്യന്തരമന്ത്രി വ്യക്തമാക്കി. അതേ സമയം യു.എന്‍.രക്ഷാ സമിതിയോഗം ഉടന്‍ ആരംഭിക്കും. സ്ഥിതിഗതികള്‍ വിലയിരുത്തും.
താലിബാന്‍ പ്രധാനമായ നഗരങ്ങളെല്ലാം കീഴടക്കുകയും തലസ്ഥാനമായ കാബൂള്‍ വളയുകയും ചെയ്തതോടെയാണ് അതിര്‍ത്തിയില്‍ തമ്പടിച്ച സൈന്യത്തോട് പിന്മാറാന്‍ ആവശ്യപ്പെട്ടത്.
സുപ്രധാന നഗരങ്ങള്‍ താലിബാന്‍ കൈവശപ്പെടുത്തിയതോടെ കാബൂളിലേക്ക് ഇന്ധനം പോലും എത്തുന്നില്ല. ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്കൂടി പലായനത്തിലാണ്. വലിയ ദുരന്തത്തിന്റെ വക്കിലാണ് കാബൂള്‍.
അതേ സമയം എല്ലാക്കാലത്തും അഫ്ഗാനില്‍ തുടരാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും ഈ യുദ്ധം തലമുറകളിലേക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നില്ലെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. എത്ര വര്‍ഷം തുടര്‍ന്നാലും അഫ്ഗാനില്‍ അവസ്ഥ മാറാന്‍ പോകുന്നില്ലെന്നും ബൈഡന്‍ പറഞ്ഞു.
എന്നാല്‍ സംഘര്‍ഷത്തിന് മുതിരരുതെന്നും ജനനിബിഡ നഗരത്തില്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ആരും പലായനം ചെയ്യേണ്ട കാര്യമില്ലെന്നുമാണ് താലിബാന്‍ വ്യക്തമാക്കിയിട്ടുള്ളത്. ജലാലാബാദ്, മസാരേ ശരീഫ് നഗരങ്ങള്‍ പിടിച്ച താലിബാന്‍ കാബൂളിലേക്കുള്ള പാതകളുടെ നിയന്ത്രണം ഏറ്റെടുത്തു. ഇതോടെ മിക്കയിടത്തും ഏറ്റുമുട്ടലിന് നില്‍ക്കാതെ അഫ്ഗാന്‍ സൈന്യം പിന്മാറുകയാണ്.
യു.എസ് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിച്ചു തീരും വരെ കാബൂളില്‍ പ്രവേശിക്കരുത് എന്നാണ് അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ തിരിച്ചടി നല്‍കുമെന്ന് ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേക വിമാനങ്ങളില്‍ ഉദ്യോഗസ്ഥരെ മിന്നല്‍ വേഗത്തില്‍ ഒഴിപ്പിക്കുകയാണ് അമേരിക്കയും ബ്രിട്ടനും. മിക്ക നഗരങ്ങളിലും കാര്യമായ ചെറുത്തുനില്‍പ്പിന് മുതിരാതെ അഫ്ഗാന്‍ സൈന്യം പിന്മാറിയതോടെയാണ് മസാരേ ശരീഫ്, ജലാലാബാദ് നഗരങ്ങള്‍ അതിവേഗം കീഴടക്കാന്‍ താലിബാന് കഴിഞ്ഞത്. അഫ്ഗാന്‍ സൈന്യം പലയിടത്തുനിന്നും കൂട്ടത്തോടെ ഓടിപ്പോവുകയാണ്.