Headlines
Loading...
കഴക്കൂട്ടം- കരോട് ബൈപ്പാസ് ടോൾ പിരിവ്; തുടർച്ചയായ രണ്ടാം ദിവസവും പ്രതിഷേധം ശക്തം

കഴക്കൂട്ടം- കരോട് ബൈപ്പാസ് ടോൾ പിരിവ്; തുടർച്ചയായ രണ്ടാം ദിവസവും പ്രതിഷേധം ശക്തം

തിരുവനന്തപുരം കഴക്കൂട്ടം- കരോട് ബൈപ്പാസിൽ ടോൾ പിരിക്കുന്നതിനെതിരെ ഇന്നും പ്രതിഷേധം ശക്തം. ഇന്ന് രാവിലെയും ടോൾ പിരിവ് തുടങ്ങിയതോടെയാണ് യൂത്ത് കോൺഗ്രസ്, ഡി വൈ എഫ് ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ കടന്ന് പോകാൻ ഗേറ്റ് തുറന്ന് കൊടുത്തു. പ്രതിഷേധം ശക്തമായതോടെ ഡി വൈ എഫ് ഐ പ്രവർത്തകരും അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ടോൾ പിരിവ് താത്കാലികമായി നിറുത്തി വെച്ചു. 

 ഇത് തുടർച്ചയായ രണ്ടാം ദിവമാണ് കഴക്കൂട്ടം- കരോട് ബൈപ്പാസിലെ ടോള്‍ പിരിവ് പ്രതിഷേധത്തെ തുടർന്ന് നിറുത്തിവെയ്ക്കുന്നത്. റോഡിന്റെ നിർമാണം പൂർത്തിയാകും മുൻപ് ടോൾ പിരിവ് തുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ടോൾ ഗേറ്റിന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് 285 രൂപയുടെ ഒരു മാസത്തെ പാസ് നൽകാം എന്നാണ് കരാർ കമ്പനിയുടെ നിലപാട്. എന്നാൽ പ്രദേശവാസികൾക്ക് യാത്ര സൗജന്യമാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.  

നേരത്തെയും ടോൾ പിരിക്കാനുള്ള ശ്രമം നടന്നിരുന്നു. അന്ന് പ്രതിഷേധം ഉണ്ടായ പശ്ചാത്തലത്തില്‍ നടപടി മാറ്റിവെയ്ക്കുകയായിരുന്നു. അന്നത്തെ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ സർവകക്ഷിയോഗം വിളിച്ച് ധാരണ ആയ ശേഷമേ ടോൾ പിരിവ് തുടങ്ങൂ എന്നായിരുന്നു ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ ഉറപ്പു നൽകിയത്. എന്നാൽ ഇന്ന് രാവിലെയോടെ വീണ്ടും ടോൾ പിരിവ് ആരംഭിക്കുകയായിരുന്നു. ഇതോടെയാണ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്