അടിവസ്ത്രത്തിലെ പോക്കറ്റിൽ വെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. മലപ്പുറം ജില്ലയിലെ മൂർക്കനാട് പൊട്ടിക്കുഴി സ്വദേശി പൂന്തോട്ടത്തിൽ ശിഹാബുദ്ദീന്റെ (31) മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.
പനമ്പട്ട വെട്ടുന്ന തൊഴിലാളിയായ ശിഹാബുദ്ദീൻ പുത്തനത്താണി ആതവനാടിനടുത്ത് ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. ഷവോമിയുടെ കീഴിലുള്ള പോകോ എന്ന കമ്പനിയുടെ സി3 എന്ന സ്മാർട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്. വലത്തേ കാലിന് പൊള്ളലേറ്റ ശിഹാബുദ്ദീൻ മൂർക്കനാട് പൊട്ടിക്കുഴിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. പൊട്ടിത്തെറിച്ച ഫോണിൽനിന്ന് തീ പടർന്ന് പോക്കറ്റിലുണ്ടായിരുന്ന ലൈസൻസും പണവും കത്തിനശിച്ചു.