Headlines
Loading...
എം.ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി നീട്ടി; വിവരം കേന്ദ്രത്തെ അറിയിച്ചു

എം.ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി നീട്ടി; വിവരം കേന്ദ്രത്തെ അറിയിച്ചു

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി നീട്ടി. ക്രിമിനൽ കേസിൽ പ്രതിയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്. സ്പെൻഷൻ കാലാവധി നീട്ടുന്ന കാര്യം കേന്ദ്രത്തെ അറിയിച്ചു.

സ്വർണക്കടത്തുകേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്ന സുരേഷിനെ സർക്കാർ ഓഫിസിൽ നിയമിച്ചതിനെ സംബന്ധിച്ച് അറിവുണ്ടായിരുന്നതുമാണ് സസ്പെന്‍ഷനിലേക്കു നയിച്ചത്. ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 2020 ജൂലൈ 16ന് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. 2023 ജനുവരി വരെ ശിവശങ്കറിനു സർവീസ് ശേഷിക്കുന്നുണ്ട്.


സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും റജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാണ് ശിവശങ്കർ. ക്രിമിനൽ കുറ്റത്തിന് അന്വേഷണമോ വിചാരണയോ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാരിനു സസ്പെൻഡ് ചെയ്യാം. അഴിമതിക്കേസ് അല്ലെങ്കിൽ സസ്പെൻഷൻ കാലാവധി ഒരു വർഷമാണ്. ഇതിനു ശേഷം ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരിനു സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാം. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുകയും വേണം. ഇല്ലെങ്കില്‍ സസ്പെൻഷൻ സ്വമേധയാ പിൻവലിക്കപ്പെടും. പരമാവധി രണ്ടുവർഷം മാത്രമേ ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെൻഷനിൽ നിർത്താൻ കഴിയൂ.