national
കിറ്റെക്സ് സംഘത്തെ ഇരുകെെയും നീട്ടി സ്വീകരിച്ച് തെലങ്കാന, കുതിച്ചുയർന്ന് ഓഹരിവില
ഹൈദരാബാദ്: 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതികളുടെ ചർച്ചയ്ക്കായി തെലങ്കാനയിലെത്തിയ കിറ്റെക്സ് എം.ഡി. സാബു എം. ജേക്കബിനും സംഘത്തിനും ഊഷ്മള സ്വീകരണം. തെലങ്കാന സർക്കാർ അയച്ച പ്രത്യേക ജെറ്റിൽ വെളളിയാഴ്ച ഉച്ചയോടെ ഹെെദരാബാദിലെത്തിയ സംഘം വ്യവസായ മന്ത്രി കെ.ടി. രാമ റാവുവിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷം ഔദ്യോഗിക ചർച്ചകൾ നടത്തി. തെലങ്കാനയിൽ നിലനിൽക്കുന്ന വ്യവസായ സൗഹൃദ അന്തരീക്ഷത്തെ കുറിച്ച് മന്ത്രി സംഘത്തോട് വിശദീകരിച്ചു. ചർച്ചയുടെ ചിത്രങ്ങൾ രാമറാവു ട്വീറ്റ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാവിലെ വെല്‍സ്പണ്‍ ഫാക്ടറി സന്ദര്‍ശിക്കുന്ന സംഘം ഉച്ചയോടെ മന്ത്രിയുമായുള്ള അവസാനവട്ട ചര്‍ച്ചകൾക്കു ശേഷമായിരിക്കും തെലങ്കാനയിൽ നിന്നും മടങ്ങുക. മൂലധന സബ്സിഡിയുൾപ്പെടെ വൻ ആനുകൂല്യങ്ങൾ കിറ്റെക്സിന് തെലങ്കാന സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതേസമയം, തെലങ്കാനയില്‍ നിക്ഷേപ പദ്ധതികള്‍ക്കുള്ള നീക്കം ആരംഭിച്ചതോടെ കിറ്റെക്സ് ഓഹരിവില കുതിച്ചുയര്‍ന്നു. രണ്ട് ദിവസം കൊണ്ട് 13 ശതമാനം വര്‍ധനയാണ് ഓഹരിയിലുണ്ടായത്. ഇന്ന് 113 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരിവില 140ന് മുകളിലേക്ക് ഉയരുകയായിരുന്നു. കേരളത്തിലെ നിക്ഷേപ പദ്ധതികള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് കിറ്റെക്സ് ഓഹരി വില നേരത്തെ 110 രൂപയ്ക്ക് താഴെയെത്തിയിരുന്നു.
വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമതാണെന്നതാണ് തന്റെ തെലങ്കാനയിലേക്കു പോകാനുള്ള തീരുമാനത്തിനു കാരണമെന്ന് സാബു എം. ജേക്കബ് നേരത്തെ പറഞ്ഞിരുന്നു. ആദ്യമായി വളരെ താൽപര്യത്തോടെ തന്നെ സമീപിച്ചത് അവരാണ്. സ്വകാര്യ ജെറ്റ് അയച്ചതിനാലാണ് പോകുന്നത്. ഇവരുമായി സംസാരിച്ചു നോക്കിയ ശേഷം മറ്റു സംസ്ഥാനങ്ങളെ കുറിച്ച് ചിന്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈദരാബാദിലേക്കു പോകുന്നതിന് നെടുമ്പാശേരിയിൽ എത്തിയ വേളയിൽ മാദ്ധ്യമങ്ങളോടു സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.