ബാറുകള്‍ ഇനി മുതല്‍ രണ്ട് മണിക്കൂര്‍ നേരത്തെ തുറക്കും; ഉത്തരവ്
സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. തിങ്കളാഴ്ച്ച മുതല്‍ ബാറുകള്‍ രാവിലെ 9 മണിക്ക് തുറക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 7 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. അതേസമയം ബവ്‌റജസ് ഔട്ട്‌ലെറ്റുകള്‍ നേരത്തെ തന്നെ 9 മുതല്‍ 7 വരെ പ്രവര്‍ത്തിച്ചിരുന്നു.
ബാറുകളുടെ പ്രവര്‍ത്തന സമയം നേരത്തെയാക്കുന്നതുവഴി ബിവറേജിലെ തിരക്ക് കുറക്കാനാകുമെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണക്കുകൂട്ടല്‍. മദ്യ വിതരണം പാഴ്‌സലായി മാത്രം നടക്കും. നേരത്തെ മദ്യശാലയ്ക്ക് മുന്നിലെ ആള്‍ക്കൂട്ടത്തില്‍, ഹൈക്കോടതി ഉള്‍പ്പടെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കൊവിഡ് കാലത്ത് ഇത്തരം ആള്‍കൂട്ടമുണ്ടാകുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഫോട്ടോകളും വീഡിയോയും പരിശോധിച്ചായിരുന്നു കോടതി പരമാര്‍ശം. വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും ഒരു മീറ്റര്‍ അകലം പാലിച്ച് ആളുകളെ നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്നും സര്‍ക്കാര്‍ മറുപടിയും നല്‍കിയിരുന്നു. ശേഷമാണ് മദ്യശാലകള്‍ക്ക് മുന്നിലെ തിരക്കൊഴിവാക്കാന്‍ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയത്.