Headlines
Loading...
രണ്ടാംതരംഗം കഴിഞ്ഞിട്ടില്ല; വിനോദസഞ്ചാര മേഖലകളില്‍ ശ്രദ്ധവേണം- 8 സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിർദേശം

രണ്ടാംതരംഗം കഴിഞ്ഞിട്ടില്ല; വിനോദസഞ്ചാര മേഖലകളില്‍ ശ്രദ്ധവേണം- 8 സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിർദേശം

ന്യൂഡൽഹി: കോവിഡ് 19 രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും ജനങ്ങൾ പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്ര സർക്കാർ. വിനോദ സഞ്ചാര മേഖലകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതായുള്ള വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇക്കാര്യം പറഞ്ഞത്. കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ കർശന നിയന്ത്രണങ്ങൾ ഉറപ്പാക്കാൻ എട്ട് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനാണ് ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ യോഗം ചേർന്നത്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിലയിലാണുള്ളതെന്ന് യോഗം വിലയിരുത്തി. രാജ്യത്ത് പൊതുവിൽ ടിപിആർ കുറയുന്നുണ്ട്. എന്നാൽ കേരളം, ഗോവ, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ടിപിആർ 10ന് മുകളിലാണെന്നത് ആശങ്കയ്ക്ക് ഇടനൽകുന്നതാണ്.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടുതലായുള്ള സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് യോഗത്തിൽ നിർദേശം നൽകി. മാസ്ക്, സാമൂഹ്യ അകലം തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചുകൊണ്ടുമാത്രമേ വിനോദ സഞ്ചാരികളെ അനുവദിക്കാവൂ. വിനോദഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ സംസ്ഥാനങ്ങൾ പ്രത്യേക കരുതൽ എടുക്കണമെന്നും യോഗം നിർദേശിച്ചു.

കേരളം, ഗോവ, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് 19 സാഹചര്യവും വാക്സിനേഷൻ സംബന്ധിച്ച സ്ഥിതിയും യോഗത്തിൽ വിലയിരുത്തി. നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ, ചീഫ് സെക്രട്ടറിമാർ, ഡിജിപിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.