national
പ്രസിഡന്റിനായി സുരക്ഷാ ക്രമീകരണം; ചികിത്സ കിട്ടാതെ യുവതി മരിച്ചു, മാപ്പ് പറഞ്ഞ് തടിയൂരി യുപി പൊലീസ്
ലക്‌നൗ: കൃത്യസമയത്ത് ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഉത്തര്‍പ്രദേശ് പൊലീസ്. പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനം പ്രമാണിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് യുവതിയെ സമയത്ത് ആശുപത്രിയിലെത്താക്കാന്‍ കഴിയാതിരുന്നത്. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡസ്ട്രീസിന്റെ തലവയായ വന്ദന മിശ്രയാണ് ചികിത്സ കിട്ടാതെ മരണപ്പെട്ടത്.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രസിഡന്റ് വെള്ളിയാഴ്ച്ച രാത്രിയാണ് കാണ്‍പൂരില്‍ ട്രെയിന്‍ മാര്‍ഗം എത്തിയത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി റോഡുകള്‍ അടച്ചിട്ട പൊലീസ് അടിയന്തരാവശ്യത്തിന് യാത്ര ചെയ്യേണ്ടവര്‍ക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കിയിരുന്നില്ല. പ്രസിഡന്റ്, പ്രധാനമന്ത്രി തുടങ്ങിയ വിവിഐപികളുടെ സന്ദര്‍ശന വേളകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് സൗകര്യമൊരുക്കാറുണ്ട്. കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത് ഗുരുതര വീഴ്ച്ചയാണ്. വന്ദനയുടെ കുടുംബം വിഷയത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് സൂചന.
കൊവിഡ് പോസ്റ്റീവായിരുന്ന വന്ദന സമീപ ദിവസങ്ങളിലാണ് വൈറസ് മുക്തയായത്. പ്രസിഡന്റ് സഞ്ചരിക്കുന്ന പാതയിലൂടെയായിരുന്നു വന്ദനയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്. സ്വകാര്യ വാഹനങ്ങളെ പൊലീസ് തടഞ്ഞുവെച്ചതോടെ ആരോഗ്യനില വഷളായി. ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ വന്ദന മരണപ്പെട്ടിരുന്നുവെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.