Headlines
Loading...
കാറിന്റെയും സ്വർണത്തിന്റെയും പേരിൽ 
വിസ്‌മയയെ മർദിച്ചിരുന്നതായി കിരൺ

കാറിന്റെയും സ്വർണത്തിന്റെയും പേരിൽ 
വിസ്‌മയയെ മർദിച്ചിരുന്നതായി കിരൺ

"കൊല്ലം> സ്‌ത്രീധനമായി ലഭിച്ച കാറിന്റെയും സ്വർണത്തിന്റെയും പേരിൽ വിസ്‌മയയുമായി തർക്കം ഉണ്ടായിട്ടുണ്ടെന്നും മർദിച്ചിട്ടുണ്ടെന്നും ഭർത്താവ്‌ കിരൺകുമാർ അന്വേഷകസംഘത്തോട്‌ ഏറ്റുപറഞ്ഞു. ബിഎഎംഎസ്‌ വിദ്യാർഥിയായ വിസ്‌മയ വി നായരെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽകണ്ട കേസിൽ പ്രതിയായ കിരൺകുമാറിനെ ശാസ്‌താംകോട്ട ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ എസ്‌ ഹാഷിം മൂന്നു ദിവസത്തേക്കാണ്‌ തിങ്കളാഴ്‌ച പൊലീസ്‌ കസ്റ്റഡിയിൽവിട്ടത്‌. 

 

തുടർന്ന്‌ ഡിവൈഎസ്‌പി രാജ്‌കുമാറിന്റെ നേതൃത്വത്തിൽ‌ ശാസ്‌താംകോട്ട ഡിവൈഎസ്‌പി ഓഫീസിൽ മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിലാണ്‌ വിസ്‌മയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച വിവരം പ്രതി ആവർത്തിച്ചത്‌. എന്നാൽ, സംഭവദിവസം വഴക്കുണ്ടായെന്നും ഭാര്യയെ മർദിച്ചിട്ടില്ലെന്നും നേരത്തെ നൽകിയ മൊഴിയിൽ പ്രതി ഉറച്ചുനിന്നു. 

അന്വേഷകസംഘത്തിന്‌ ലഭിച്ച തെളിവുകളും മൊഴികളും ശരിയാണോയെന്ന്‌ വ്യക്തതവരുത്താനാണ്‌ കിരണിനെ അന്വേഷകസംഘം വീണ്ടും ചോദ്യംചെയ്യുന്നത്‌.

 

വൈകിട്ട്‌ അഞ്ചോടെ കിരണിനെ ചിറ്റുമല രണ്ടുറോഡിൽ തെളിവെടുപ്പിനായി എത്തിച്ചു. കഴിഞ്ഞ ലോക്‌ഡൗൺ കാലത്ത്‌ കൊല്ലത്തുനിന്ന്‌ കാറിൽ പോരുവഴിയിലെ വീട്ടിലേക്ക് വരവെ കിരൺ വഴക്കിട്ടതിനെ തുടർന്ന്‌ രക്ഷയ്‌ക്കായി വിസ്‌മയ കാറിൽനിന്നിറങ്ങി സമീപത്തെ വീട്ടിലേക്ക്‌ ഓടിക്കയറിയത്‌ രണ്ടുറോഡിൽ വച്ചായിരുന്നു. വിസ്‌മയ ഓടിക്കയറിയ പൊലീസ് ഹോം ഗാർഡ്‌ ആൾഡ്രിന്റെ വീട്ടിലായിരുന്നു തെളിവെടുപ്പ്‌. അന്ന്‌ സംഭവത്തിന്‌ ദൃക്‌സാക്ഷികളായവരുടെ മൊഴിയും പൊലീസ്‌ രേഖപ്പെടുത്തി. തെളിവെടുപ്പിനുശേഷം ശാസ്‌താംകോട്ട ഡിവൈഎസ്‌പി ഓഫീസിൽ തിരികെ എത്തിച്ച പ്രതിയെ രാത്രിയിലും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർ ചോദ്യംചെയ്‌തു. 

 

ചവറ, ഓച്ചിറ, അഞ്ചൽ എന്നിവിടങ്ങളിലുള്ള വിസ്‌മയയുടെ അടുത്ത സുഹൃത്തുക്കളുടെ മൊഴിയും പൊലീസ്‌ രേഖപ്പെടുത്തി. കസ്റ്റഡി കാലാവധി തീരുംമുമ്പ്‌ പ്രതിയുമായി പരമാവധി തെളിവ്‌ ശേഖരിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

 

 

ശാസ്‌ത്രീയ തെളിവുതേടി 
അന്വേഷകസംഘം

സ്വന്തം ലേഖകൻ

കൊല്ലം

വിസ്‌മയയുടെ ദുരൂഹമരണത്തിൽ ശാസ്‌ത്രീയ തെളിവുകൾ തേടി‌ പൊലീസ്‌. തൂങ്ങിമരണമാണെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ തള്ളിക്കളയുന്നില്ലെങ്കിലും ആസൂത്രിത കൊലപാതക സാധ്യതയും പരിശോധിക്കുന്നു. ആന്തരിക അവയവങ്ങളുടെ രാസപരിശോധന റിപ്പോർട്ടാണ്‌ ഇനി പ്രധാനം. ശരീരത്തിൽ പുറമെ കാര്യമായ പാടുകൾ ഇല്ലായിരുന്നെങ്കിലും അകത്ത്‌ ക്ഷതമുണ്ടോ എന്നാണ്‌ പൊലീസ്‌ അന്വേഷിക്കുന്നത്‌. വിസ്‌മയയെ ശ്വാസം മുട്ടിച്ചിരുന്നോ എന്നതും ശാസ്‌ത്രീയമായി പരിശോധിക്കുന്നുണ്ട്‌. പോസ്റ്റ്‌മോർട്ടംചെയ്‌ത പൊലീസ്‌ സർജന്മാർ സംഭവസ്ഥലത്ത്‌ ചൊവ്വാഴ്ച പരിശോധനയ്‌ക്ക്‌ എത്തും. ഈ സമയം കിരൺകുമാറിനെയും തെളിവെടുപ്പിന് എത്തിക്കും.

 

വിസ്‌മയയുടെ ഭർത്താവ്‌ കിരൺകുമാറും ബന്ധുക്കളും നൽകിയ മൊഴികളിലെ വൈരുധ്യവും പൊലീസിനെ കൂടുതൽ അന്വേഷണത്തിലേക്ക്‌ എത്തിച്ചിട്ടുണ്ട്‌. ഇതുവരെ ലഭിച്ച തെളിവുകളും മൊഴികളും വീണ്ടും പരിശോധിക്കുകയാണ്‌. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ്‌ ശ്രമം.

 

വിസ്‌മയ വാട്‌സാപ്പിലൂടെ പലവട്ടം പീഡനവിവരം പറഞ്ഞിട്ടുണ്ടെന്ന്‌ സുഹൃത്തുക്കൾ തിങ്കളാഴ്‌ച മൊഴി നൽകി. മരണദിവസത്തെ സംഭവത്തിൽ കിരണിന്റെ അച്ഛനും അമ്മയ്‌ക്കും നേരിട്ട്‌ പങ്കില്ലെന്ന നിഗമനത്തിലാണ്‌ അന്വേഷകസംഘം. സഹോദരിയെയും ഭർത്താവിനെയും ചോദ്യംചെയ്‌തിരുന്നു. വിസ്‌മയയെ മാനസികമായി പീഡിപ്പിക്കുന്നതിൽ അവർക്ക്‌ പങ്കുള്ളതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ദക്ഷിണമേഖല ഐജി ഹർഷിദ അട്ടല്ലൂരിയുടെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞാണ്‌ അന്വേഷണം."