
kerala
ഓരോ പഞ്ചായത്തിലും വിനോദ സഞ്ചാര കേന്ദ്രം; നിയമസഭയില്‍ മുഹമ്മദ് റിയാസ്
സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും ആരംഭിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ആഭ്യന്തര വിനോദ സഞ്ചാരത്തിന് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധ രാജ്യങ്ങളില്‍ പ്രചാരണം നടത്തും. 2025 ഓടെ 20 ലക്ഷം വിനോദ സഞ്ചാരികളെ സംസ്ഥാനത്തെത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
തീര്‍ത്ഥാടന വിനോദ സഞ്ചാര പദ്ധതികള്‍ പ്രോത്സാഹിപ്പിക്കും. മലപ്പുറം ജില്ലയില്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടെ സ്മാരകങ്ങള്‍ കോര്‍ത്തിറക്കി വിനോദ സഞ്ചാര പദ്ധതികള്‍ ആവിഷ്‌കരിക്കും. ഹൗസ് ബോട്ട്, ഹോം സ്റ്റേ, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ടൂറിസ്റ്റ് ബസ്സുകളിലെ ജീവനക്കാര്‍ എന്നിവരുടെ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനുള്ള ശ്രമവും സര്‍ക്കാര്‍ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. ജൂലൈ 15 നുള്ളില്‍ വാക്‌സിന്‍ നല്‍കാനാണ് ശ്രമം. കൊവിഡ്-19 ടൂറിസം മേഖലയില്‍ 33,675 കോടി നഷ്ടമുണ്ടായതായും മന്ത്രി അറിയിച്ചു.
Summary: Tourist center in each panchayat; Muhammad Riyaz in the Assembly