national
പ്രവാസികള്‍ക്കുള്ള യാത്രാ വിലക്ക് നീക്കാന്‍ അടിയന്തര ഇടപെടല്‍ വേണം: ടി.എൻ പ്രതാപൻ എം.പി മോദിക്ക് കത്ത് നൽകി
പ്രവാസികളുടെ യാത്രാ വിലക്ക് നീക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യവുമായി ടി.എൻ പ്രതാപൻ എം.പി. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിവിധ ജി.സി.സി രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രവാസി ഇന്ത്യക്കാർ ഏറെ പ്രധാനപ്പെട്ട ജനസമൂഹമാണ്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികളാണ് യാത്രാവിലക്കുകൾ മൂലം കഷ്ടതകൾ അനുഭവിക്കുന്നത്. ഏറെപേരുടെയും ഉപജീവനം അവതാളത്തിലായിരിക്കുകയാണ്. ഇത് ആയിരക്കണക്കിന് കുടുബങ്ങളെയും രാജ്യത്തിന്‍റെ സമ്പദ്ഘടനയെയും പ്രതികൂലമായി ബാധിക്കും.
ഇന്ത്യയിൽ നിന്ന് മടങ്ങിച്ചെന്ന് ജോലിയിൽ പ്രവേശിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ പലരുടേയും വിസ കാലാവധി തീരാനിരിക്കുന്നു. ഇത് വലിയ നഷ്ടമാണ് നമുക്കുണ്ടാക്കുക. കോവിഡ് പ്രതിസന്ധി മൂലമുണ്ടായ ഈ സാഹചര്യം പരിഹരിക്കാൻ നയതന്ത്ര ഇടപെടലുകൾ അനിവാര്യമാണ്. വാക്സിനേറ്റ് ചെയ്തവരുടെ യാത്ര എത്രയും പെട്ടെന്ന് സൗകര്യപ്പെടുത്തേണ്ടത് പ്രധാനമാണെന്നും നയതന്ത്ര തലങ്ങളിൽ ഇതിനുവേണ്ട ശ്രമങ്ങളുണ്ടാകണമെന്നും ടി.എൻ പ്രതാപൻ എം.പി ചൂണ്ടിക്കാട്ടി.