national
‘താങ്ക്യു പിഎം മോദി’; സൗജന്യ വാക്‌സിനേഷന് നന്ദിയറിയിച്ച് ബോര്‍ഡ് സ്ഥാപിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസി നിര്‍ദേശം
കൊവിഡ് വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി എല്ലാ പൗരന്‍മാര്‍ക്കും സൗജന്യം വാക്‌സിനേഷന്‍ നടപ്പാക്കിയ കേന്ദ്ര തീരുമാനം പ്രചാരണമാക്കാന്‍ സര്‍ക്കാര്‍. സൗജന്യ വാക്‌സിനേഷന്‍ ഏര്‍പ്പെടുത്തിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബാനറുകളും ബോര്‍ഡുകളും സ്ഥാപിക്കാനാണ് നീക്കം. ഇക്കാര്യം വ്യക്തമാക്കി സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും യുജിസി നിര്‍ദേശം നല്‍കി. 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യവാക്‌സിനേഷനെന്ന സര്‍ക്കാര്‍ പ്രഖ്യാപനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് നിര്‍ദേശം. യുജിസി നിലപാട് ഇതിനോടകം വിവാദങ്ങള്‍ക്കും വഴി തുറന്ന് കഴിഞ്ഞു.
ഞായറാഴ്ചയാണ് സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും യുജിസി സെക്രട്ടറി രജ്‌നിഷ് ജയിന്‍ ഇത് സംബന്ധിച്ച് നിര്‍ദേശം കൈമാറിയത്. ‘2021 ജൂണ്‍ 21 മുതല്‍ 18 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സൗജന്യ വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ഇതിന് നന്ദി അറിയിച്ചുകൊണ്ട് ഹോര്‍ഡിംഗുകളും ബാനറുകളും അവരുടെ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. കേന്ദ്ര വിവര പ്രക്ഷേപണ മന്ത്രാലയം നല്‍കിയം ഇതിനായുള്ള അംഗീകൃത മാതൃകകള്‍ അറ്റാച്ച് ചെയ്തിരിക്കുന്നു’ എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തിനൊപ്പം ‘നന്ദി പ്രധാനമന്ത്രി മോദി’ എന്നെഴുതിയതാണ് സന്ദേശത്തിന് ഒപ്പം നല്‍കിയ മാതൃക.
ഡല്‍ഹി സര്‍വകലാശാല, ഹൈദരാബാദ് സര്‍വകലാശാല തുടങ്ങി ചില സ്ഥാപനങ്ങള്‍ ഇതിനോടകം ബോര്‍ഡുകള്‍ സ്ഥാപിക്കുകയും അവ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ‘താങ്ക്യുമോദിജി’എന്ന ഹാഷ്ടാഗ് ഉള്‍പ്പെടെയാണ് ഇവ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുമുണ്ട്.
അതേസമയം, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സര്‍ക്കാര്‍ അനുകൂല പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഇതിനോടകം വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. അക്കാദമിക് വിദഗ്ദ്ധര്‍, വിദ്യാര്‍ഥി സംഘടനകള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവും നീക്കത്തെ അപലപിച്ച് രംഗത്ത് എത്തി. സര്‍വകലാശാലകള്‍ സര്‍ക്കാറിന്റെ പ്രചാരണ ആയുധങ്ങളല്ലെന്നും ഡല്‍ഹി സര്‍വകലാശാല പ്രഫസറും മുന്‍ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗവുമായ രാജേഷ് ഝാ പറഞ്ഞതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.