‘അവനാണ് ചെയ്തത്, ഉറുമ്പിന്റെ പേരില്‍ ഡീസല്‍ വാങ്ങിച്ചത് അതിനാണ്’; യുവതി തീ കൊളുത്തി മരിച്ച സംഭവത്തില്‍ ദുരൂഹത
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. വിഴിഞ്ഞം വെങ്ങാനൂര്‍ ചിരത്തലവിളാകം സ്വദേശി അര്‍ച്ചനയെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് അര്‍ച്ചനയെ കുടുംബവീട്ടില്‍ നിന്നു സുരേഷ് വിളിച്ചുകൊണ്ടുവന്നത്. കുപ്പിയില്‍ ഡീസലുമായാണ് സുരേഷ് എത്തിയതെന്ന് അര്‍ച്ചനയുടെ പിതാവ് അശോകന്‍ പറഞ്ഞു. ചോദിച്ചപ്പോള്‍ ഉറുമ്പിനെ കത്തിക്കാനെന്നായിരുന്നു സുരേഷ് പറഞ്ഞതെന്നും അദ്ദേഹം അശോകന്‍ വ്യക്തമാക്കുന്നു.
”സുരേഷിന്റെ അച്ഛന്‍ പണം ചോദിച്ചിരുന്നു. ചില ദിവസങ്ങളില്‍ മദ്യപിച്ചെത്തി സുരേഷ് പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടെന്ന് പറഞ്ഞിരുന്നു. മകള്‍ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുത്ത കാര്യമായതിനാല്‍ എന്നോട് ഇക്കാര്യങ്ങളൊന്നും പറയില്ല. പ്രണയ വിവാഹമായിരുന്നു. ഉറുമ്പിന്റെ പേരില്‍ ഡീസല്‍ വാങ്ങിയത് അതിനായിരിക്കണം. അവളൊരിക്കലും ആത്മഹത്യ ചെയ്യില്ല. വിവാഹത്തെ ചൊല്ലി അവരുടെ വീട്ടില്‍ കുടുംബ വഴക്കുണ്ടായിരുന്നു. അവന്‍ ചെയ്തതാണ്, നമ്മുടെ മുന്നില്‍ സ്‌നേഹം അഭിനയിച്ച ശേഷം ഇത് ചെയ്തത്.” അശോകന്‍ പറയുന്നു.
അര്‍ച്ചനയുടെ മൃതദേഹം മെഡിക്കള്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അര്‍ച്ചനയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് സുരേഷ് ഒളിവില്‍ പോയിരുന്നു. പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നിരുന്നത്. സുരേഷിന്റെ വീട്ടുകാര്‍ നിരന്തരം തങ്ങളോട് പണവും ഓഹരിയും ചോദിച്ചിരുന്നതായി അര്‍ച്ചനയുടെ അമ്മ മോളി പറയുന്നു.