Headlines
Loading...
അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ മെസ്സിയെ കടന്ന് ഇന്ത്യയുടെ ഛേത്രി, ഇനി മുന്നിൽ റൊണാൾഡോ മാത്രം

അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ മെസ്സിയെ കടന്ന് ഇന്ത്യയുടെ ഛേത്രി, ഇനി മുന്നിൽ റൊണാൾഡോ മാത്രം

ന്യൂഡൽഹി: സജീവമായി കളിക്കുന്നവരിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ അടിച്ച ഫുട്ബാൾ താരങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സുനിൽ ഛേത്രി രണ്ടാമതെത്തി. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയതോടെയാണ് ഛേത്രിക്ക് ഈ നേട്ടം സ്വന്തമാക്കുവാൻ സാധിച്ചത്. നിലവിൽ 74 അന്താരാഷ്ട്ര ഗോളുകൾക്ക് ഉടമയായ ഛേത്രി 72 ഗോളുകൾ നേടിയ സാക്ഷാൽ ലയണൽ മെസിയെയും 73 ഗോളുകൾ നേടിയ യുഎഇയുടെ അലി മബ്ഖൂത്തിനെയുമാണ് മറിക്കടന്നത്. 103 ഗോളുകളോടെ പോർച്ചുഗലിൻ്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് ഈ പട്ടികയിൽ ഛേത്രിയുടെ മുന്നിൽ ഇനി ഉള്ളത്.

വിരസമായ ആദ്യ പകുതിക്കു ശേഷം 79ാം മിനിറ്റിൽ മലയാളി ഫുട്ബാൾ താരം ആഷിക്ക് കുരുണിയൻ നൽകിയ ക്രോസ്സിൽ നിന്നുമാണ് ഛേത്രി മത്സരത്തിലെ തൻ്റെ ആദ്യ ഗോൾ നേടുന്നത്. തുടർന്ന് രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൻ്റെ രണ്ടാം മിനിറ്റിൽ ഛേത്രി തൻ്റെ രണ്ടാം ഗോളും നേടി. മത്സരം തുടങ്ങുന്നതിനു മുമ്പ് പട്ടികയിൽ മെസിയോടൊപ്പം 72 ഗോളുകളോടെ മൂന്നാം സ്ഥാനത്തായിരുന്നു ഛേത്രി.

ലോകകപ്പിൻ്റെയും ഏഷ്യൻ കപ്പിൻ്റെയും സംയുക്ത യോഗ്യതാ നിർണ്ണയ ടൂർണമെൻ്റിൻ്റെ ഗ്രൂപ്പ് ഇയിലെ തങ്ങളുടെ അവസാന മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ ജൂൺ 15ന് നേരിടും. നിർണ്ണായകമായ ഈ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ഗ്രൂപ്പിലെ മൂന്നാം സ്ഥാനം ഉറപ്പിക്കുവാൻ സാധിക്കുകയുള്ളു. അതല്ലെങ്കിൽ ഏഷ്യൻ കപ്പ് യോഗ്യതയ്ക്ക് വേണ്ടി ഇന്ത്യക്ക് ഇനിയും ഒട്ടേറെ കടമ്പകൾ കടക്കേണ്ടതായി വരും.