kerala
പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നു; ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതെ ആദിവാസി കോളനികളിലെ കുട്ടികള്‍
മലപ്പുറം: സംസ്ഥാനത്ത് പുതിയ അധ്യായന വര്‍ഷം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ഓണ്‍ലൈന്‍ വഴിയാണ് കുട്ടികളുടെ പഠനം. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് പോലുമറിയാതെയാണ് മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ ആദിവാസി കോളനികളിലെ കുട്ടികള്‍ അധ്യായന വര്‍ഷത്തിലേക്ക് കടക്കുന്നത്.
നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള ആദിവാസി മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലാത്തതാണ് ഇതിന് പ്രധാനകാരണം. ആദിവാസി വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഐടിഡിപിക്ക് കീഴിലുള്ള ഹോസ്റ്റലുകളും അടച്ചതോടെ കുട്ടികളുടെ പഠനം പ്രതിസന്ധിയിലായി. മേഖലകളില്‍ കൂടുതലും നിരക്ഷരരായതിനാല്‍ രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളെ പഠിക്കാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യവുമില്ല.
ഈ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യമൊരുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഊരു വിദ്യാഭ്യാസ കേന്ദ്രങ്ങളിലൂടെ ക്ലാസ് നല്‍കാനാണ് അധികൃതരുടെ ആലോചന. കഴിഞ്ഞ അധ്യയന വര്‍ഷം വീടുകളില്‍ പഠനസൗകര്യം ഇല്ലാത്തവര്‍ക്കായി ജില്ലയില്‍ 63 പൊതു പഠനകേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു.
ടിവിയോ സ്മാര്‍ട്ട് ഫോണോ കമ്പ്യൂട്ടറോ ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ലാത്ത 10,303 കുട്ടികള്‍ മലപ്പുറം ജില്ലയിലുണ്ടെന്നാണ് സമഗ്ര ശിക്ഷ കേരളയുടെ കണക്ക്. കഴിഞ്ഞവര്‍ഷം ഇത് 64,403 ആയിരുന്നു. പഞ്ചായത്ത് വിദ്യാഭ്യാസ സമിതികളുടെ സഹായത്തോയാണ് പഠന സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുത്തത്. എന്നാല്‍ പുതിയ അധ്യയനവര്‍ഷം ആരംഭിച്ചതോടെ പുതിയ കണക്കുകള്‍ എടുത്തു വരികയാണ് എന്നാണ് അധികൃതരുടെ വിശദീകരണം.