Headlines
Loading...
സീരിയല്‍ ചിത്രീകരണത്തിനും അനുമതി; രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനം’

സീരിയല്‍ ചിത്രീകരണത്തിനും അനുമതി; രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനം’

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവേശനം അനുവദിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. സി, ഡി കാറ്റഗറികളിള്‍പ്പെടുന്ന ആരാധനയങ്ങള്‍ തുറക്കില്ല. 15 കൂടുതല്‍ പേരെ ആരാധനാലയങ്ങളില്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പറഞ്ഞത്: ”ആരാധനാലയങ്ങളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രവേശനം അനുവദിക്കുന്നത് ആലോചിക്കും. പതിനഞ്ചില്‍ അധികാരിക്കാതെ അനുവദിക്കാനാണ് ആലോചിക്കുന്നത്. കൊവിഡ് രോഗികള്‍ക്ക് മാനസിക പിന്‍തുണ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി. പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കം പൂര്‍ണ്ണമായും ഒഴിവാക്കി, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, അംഗങ്ങളുടെ എണ്ണം പരമാവധി കുറച്ച് കര്‍ശന നിയന്ത്രണങ്ങളോടെ ടെലിവിഷന്‍ പരമ്പര ചിത്രീകരണത്തിന് അനുമതി നല്‍കുന്നതും ആലോചിച്ചിട്ടുണ്ട്. ഇന്‍ഡോര്‍ ചിത്രീകരണമാണനുവദിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതിനല്‍കുന്ന കാര്യം ആലോചിക്കും. വാക്‌സിന്‍ രണ്ടു ഡോസും എടുത്തവരെ അനുവദിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.”

”തദ്ദേശസ്വയംഭരണ പ്രദേശങ്ങളുടെ കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി അനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടുശതമാനത്തില്‍ താഴെയുള്ള (എ വിഭാഗം) 277 പ്രദേശങ്ങളുണ്ട്. ടിപിആര്‍ എട്ടിനും പതിനാറിനുമിടയിലുള്ള ബി വിഭാഗത്തില്‍ 575 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. പതിനാറിനും ഇരുപത്തിനാലിനും ഇടയില്‍ ടിപിആര്‍ ഉള്ള 171 പ്രദേശങ്ങള്‍. അവ സി വിഭാഗത്തിലാണ്. പതിനൊന്നിടത്ത് ടിപിആര്‍ ഇരുപത്തിനാലു ശതമാനത്തിലും മുകളിലാണ്. (ഡി വിഭാഗം) ഈ വിഭാഗീകരണം അനുസരിച്ചായിരിക്കും ജൂണ്‍ ഇരുപത്തിനാല് വ്യാഴാഴ്ച മുതല്‍ അടുത്ത ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നടപ്പാക്കുക.”

”ഇപ്പോള്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബാങ്കിലോ ബാങ്ക് ബ്രാഞ്ചുകളിലോ പ്രവേശനം ഉണ്ടാവില്ല എന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസവും ബാങ്കുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കും. കാറ്റഗറി എയിലും ബിയിലും പെട്ട പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും 50 ശതമാനം വരെ ജീവനക്കാരെയും, കാറ്റഗറി സി യില്‍ എല്ലാ സര്‍ക്കാര്‍സ്ഥാപനങ്ങളും 25 ശതമാനം വരെ ജീവനക്കാരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തനം അനുവദിക്കും. ആള്‍ക്കൂട്ടം ഒഴിവാക്കുന്നത് പരമപ്രധാനമാണ്. മീറ്റിങ്ങുകള്‍ പരമാവധി ഓണ്‍ലൈനാക്കുകതന്നെ വേണം. തമിഴ്‌നാട് അതിര്‍ത്തിക്കടുത്തുള്ള മദ്യഷാപ്പുള്‍കള്‍ അടച്ചിടും. അവിടെ ലോക്ക് ഡൗണായതിനാലാണിത്. തമിഴ്‌നാട്ടില്‍ നിന്ന് ഇടുക്കിയിലേക്ക് വരുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് റിസള്‍ട്ട് വേണ്ടിവരും. എന്നാല്‍ അവിടെ ലോക്ക് ഡൗണുള്ളതിനാല്‍ എല്ലാദിവസവും പോയിവരാന്‍ അനുവദിക്കില്ല.”-മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 12,617 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂര്‍ 580, പത്തനംതിട്ട 441, കാസര്‍ഗോഡ് 430, ഇടുക്കി 268, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,21,56,947 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,295 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,719 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 766 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1542, കൊല്ലം 1516, എറണാകുളം 1454, തിരുവനന്തപുരം 1251, തൃശൂര്‍ 1288, പാലക്കാട് 670, കോഴിക്കോട് 805, ആലപ്പുഴ 734, കോട്ടയം 583, കണ്ണൂര്‍ 524, പത്തനംതിട്ട 426, കാസര്‍ഗോഡ് 416, ഇടുക്കി 256, വയനാട് 254 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, കാസര്‍ഗോഡ് 10, എറണാകുളം, തൃശൂര്‍ 9 വീതം, പത്തനംതിട്ട 6, കൊല്ലം, പാലക്കാട്, വയനാട് 5 വീതം, തിരുവനന്തപുരം 4, ഇടുക്കി 2, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,730 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1212, കൊല്ലം 1032, പത്തനംതിട്ട 526, ആലപ്പുഴ 1043, കോട്ടയം 716, ഇടുക്കി 573, എറണാകുളം 1021, തൃശൂര്‍ 1272, പാലക്കാട് 1391, മലപ്പുറം 1016, കോഴിക്കോട് 992, വയനാട് 235, കണ്ണൂര്‍ 322, കാസര്‍ഗോഡ് 379 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,00,437 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,16,284 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,19,051 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,92,556 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,495 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1971 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 178, ടി.പി.ആര്‍. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആര്‍. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആര്‍. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.