national
‘ഇങ്ങനെയായാൽ ഞങ്ങൾ എന്ത് ചെയ്യും'; പ്രധാനമന്ത്രിയോട് പരാതി പറഞ്ഞ് ആറുവയസുകാരി
ഓൺലൈൻ ക്ലാസുകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പരാതി പറയുന്ന ഒരു ആറു വയസ്സുകാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ജമ്മു ആൻഡ് കാശ്മീരിൽ നിന്നുള്ള പെൺകുട്ടിയാണ് താൻ നേരിടുന്ന പ്രശ്നങ്ങൾ മോദിയുടെ മുന്നിലെത്തിക്കുന്നത്.
ഓൺലൈൻ ക്ലാസ്സിൽ നിന്നും സ്ഥിരമായി കിട്ടുന്ന ഹോംവർക്കിനെ കുറിച്ചാണ് ആദ്യ പരാതി. ആറു വയസ്സുമാത്രം പ്രായമുള്ള കുട്ടികൾക്ക് ടീച്ചർമാർ ഇത്രയധികം വർക്ക് തരുന്നത് ശരിയാണോ എന്ന് അവൾ ചോദിക്കുന്നു. രാവിലെ മുതൽ തുടങ്ങുന്ന ഓൺലൈൻ ക്ലാസ് ഒന്നിനുപുറകെ ഒന്നായി ഇംഗ്ലീഷ്, കണക്ക്, ഉറുദു, ഇ വി എസ് അങ്ങനെ ഉച്ചവരെ നീളും. കൊച്ചുകുട്ടികൾക്ക് ഇത്രയധികം പഠിക്കാൻ നൽകുന്നത് തീരെ ശരിയല്ല എന്നാണ് കുട്ടിയുടെ പക്ഷം. വലിയ കുട്ടികൾക്ക് മാത്രമേ ഇത്രയും പഠിക്കാൻ കൊടുക്കാവൂ എന്നും അവൾ വിഡിയോയിൽ പറയുന്നുണ്ട്.