Headlines
Loading...
വാക്‌സിന്‍ നയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി; ‘മൂകസാക്ഷിയായിരിക്കാന്‍ സാധിക്കില്ല’

വാക്‌സിന്‍ നയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി; ‘മൂകസാക്ഷിയായിരിക്കാന്‍ സാധിക്കില്ല’


ന്യൂഡല്‍ഹി: വാക്‌സിന്‍ നയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം പൗരന്റെ അവകാശങ്ങളിലേക്ക് കടന്ന് കയറുമ്പോള്‍ മൂകസാക്ഷിയായിരിക്കാന്‍ സാധിക്കില്ല. കേന്ദ്ര നയം യുക്തമല്ല. ബജറ്റില്‍ നീക്കി വച്ച 35,000 കോടി രൂപ എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, എല്‍ എന്‍ റാവു, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വാക്‌സിന്‍ മാനേജ്‌മെന്റുമായ ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. 18 മുതല്‍ 44 വരെ പ്രായമുള്ളവര്‍ വാക്‌സിനായി സ്വയം പണം മുടക്കണം എന്നത് വിവേചനപരമായ തീരുമാനമാണെന്ന് അഭിപ്രായപ്പെട്ട കോടതി ഇതുവരെ വാങ്ങിയ വാക്‌സിന്‍ വിശദാംശങ്ങള്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത്ബയോടെക്കിന്റെ കോവാക്‌സിന്‍, റഷ്യയുടെ സ്പുട്‌നിക്ക് എന്നീ വാക്‌സിനുകളുടെ വിശദാംശങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.


 
വാക്‌സിനേഷന്‍ വിഷയം തികച്ചും നിര്‍ണായകമാണെന്ന് പറഞ്ഞ കോടതി നിലവില്‍ 18- 44 വയസ് വരെ പ്രായമുള്ള ആളുകള്‍ രോഗബാധിതരാകുകയല്ല, മറിച്ച് അണുബാധയുടെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. മഹാമാരിയുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ചെറുപ്പക്കാരെയും വാക്‌സിനേറ്റ് ചെയ്യിക്കേണ്ടത് അനിവാര്യമാണ്.

ബജറ്റില്‍ വാക്‌സിനേഷനായി മാറ്റിവെച്ച 35,000 കോടി രൂപ എങ്ങനെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാക്‌സിനുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള എല്ലാ വിശദാംശങ്ങളും ഉടന്‍ നല്‍കുകയും ഡിസംബര്‍ 31 വരെയുള്ള വാക്‌സിന്‍ ലഭ്യത ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയും കോടതിക്ക് കൈമാറുകയും വേണം. മൂന്നാം കൊവിഡ് തരംഗത്തില്‍ കരുതിയിരിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.