Headlines
Loading...
വാഹന പരിശോധനയ്ക്കിടെ മയക്ക് മരുന്നുമായി യുവാവ് പിടിയിൽ

വാഹന പരിശോധനയ്ക്കിടെ മയക്ക് മരുന്നുമായി യുവാവ് പിടിയിൽ

താമരശ്ശേരി: കോഴിക്കോട് എക്സൈസ് എൻഫോഴ്സ്‌മെന്റ്‌ ആൻഡ്‌ ആൻറി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും ചേർന്ന് നടത്തിയ സംയുക്ത വാഹന പരിശോധനയ്ക്കിടെ കോഴിക്കോട് - താമരശ്ശേരി ദേശീയപാതയിൽ മയക്ക് മരുന്നുമായി യുവാവ് പിടിയിൽ.

ജീപ്പിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന 50 ഗ്രാം എം.ഡി.എം.എ. (മെത്തലീൻ ഡയോക്സി മെത് ആംഫീറ്റമിൻ) യുമായി താമരശ്ശേരി സ്വദേശി പൊന്നോത്ത് വീട്ടിൽ പി. ഫൈസൽ (28) ആണ് അറസ്റ്റിലായത്.
പ്രതി സഞ്ചരിച്ച ജീപ്പും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു. പിടിച്ചെടുത്ത എം.ഡി.എം.എ.യ്ക്ക് വിപണിയിൽ രണ്ട് ലക്ഷം രൂപ വില വരും. എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ. ദേവദാസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഐ.ബി. ഇൻസ്പെക്ടർ എ. പ്രജിത്ത്, പ്രിവൻറീവ് ഓഫീസർ ടി.പി. ബിജുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.ആർ. ദീനദയാൽ, എ.എസ്. സന്ദീപ്, പി. അജിത്ത്, എ. അനുരാജ്, ടി.എം. സൈമൺ, എ. അരുൺ, ഡ്രൈവർമാരായ അബ്ദുൽകരീം, പ്രബീഷ് എന്നിവർ പങ്കെടുത്തു. ലോക് ഡൗൺ കാരണം മദ്യശാലകൾ അടച്ചിട്ടതിനാൽ മറ്റു ലഹരിവസ്തുക്കളുടെ ഉപഭോഗം വർധിക്കാനുള്ള സാധ്യതകൾ മനസ്സിലാക്കി എക്സൈസ് സ്ക്വാഡ് പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.