kerala
‘രാജ്യദ്രോഹമാണ്’, കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന് പിപി മുകുന്ദന്‍
കൊടകര കുഴല്‍പ്പണക്കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍. സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ കണ്ടെത്തണമെന്നും ദേശീയ നേതൃത്വും സംഭവം അന്വേഷിക്കണമെന്നും പിപി മുകുന്ദന്‍ ആവശ്യപ്പെട്ടു. സംഭവം നടന്നിട്ടുണ്ടെങ്കില്‍ രാജ്യദ്രോഹക്കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
കേള്‍ക്കുന്നത് മാത്രമേ അറിയുകയുള്ളൂ. സമഗ്രമായ അന്വേഷണം വേണം. പിണറായി സര്‍ക്കാരിന്റെ പോലീസാണല്ലോ. കെ സുരേന്ദ്രനും അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ബിജെപി ദേശീയ നേതൃത്വവും സംഭവത്തില്‍ അന്വേഷണം നടത്തണം. കുറ്റക്കാരെ കണ്ടെത്തിയാല്‍ അവരും നടപടിയെടുക്കുമെന്നാണ് എന്റെ വിശ്വാസമെന്നും പിപി മുകുന്ദന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.