
national
രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് ആശ്വാസം: കൊച്ചിയിലേക്ക് മടങ്ങാന്‍ അനുമതി; ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
ലക്ഷ ദ്വീപ് പൊലീസ് രാജ്യദ്രോഹക്കേസ് ചുമത്തിയ സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് കൊച്ചിയിലേക്ക് മടങ്ങാന്‍ അനുമതി. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്കിയ വിഡിയോ സന്ദേശത്തിലാണ് ഐഷ പുതിയ സാഹചര്യങ്ങള്‍ വിശദീകരിച്ചത്. വിഷയത്തില്‍ താന്‍ നല്കിയ വിശദീകരണം പൊലീസിന് തൃപ്തികരമാണ് എന്നാണ് കരുതുന്നത്. തനിക്ക് മുന്നില്‍ മറ്റ് നിബന്ധനകള്‍ ഒന്നും വച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഐഷ സുല്‍ത്താന അടുത്ത ദിവസം താന്‍ ദ്വീപില്‍ നിന്നും കൊച്ചിയിലേക്ക് മടങ്ങുമെന്നും ഐഷ പ്രതികരിച്ചു.
രാജ്യദ്രോഹക്കേസില്‍ അറസ്റ്റ് തടണമെന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഐഷ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ലക്ഷദ്വീപിലേക്ക് തിരിച്ചത്. മൂന്ന് തവണ ലക്ഷദ്വീപ് പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് മടങ്ങാന്‍ പൊലീസ് അനുമതി നല്‍കിയതെന്നാണ് വിവരം.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ ഖോഡ പട്ടേലിന് എതിരായ ബയോ വെപ്പണ്‍ പരാമര്‍ശത്തിലായിരുന്നു ലക്ഷദ്വീപ് പൊലീസ് ഐഷയ്ക്ക് എതിരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തിയത്. പിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ ഏതെങ്കിലും രാജ്യങ്ങളുമായി ബന്ധമുണ്ടോയെന്നുള്പ്പെടെയാണ് പ്രധാനമായും പരിശോധിച്ചതെന്നും ഐഷ നേരത്തെ പ്രതികരിച്ചിരുന്നു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മുതല്‍ ബാങ്ക്, പാസ്പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചെന്നും ഐഷ പ്രതികരിച്ചു.
അതേസമയം, ചോദ്യം ചെയ്യലിന് വിധേയയായ തന്റെ മുന്നില്‍ നിലവില്‍ പൊലീസ് നിബന്ധനകള്‍ ഒന്നും തന്നെ വച്ചിട്ടില്ല. എന്നാല്‍ ആവശ്യം വരുമ്പോള്‍ ബന്ധപ്പെടാം എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു എന്നും ഐഷ പറയുന്നു.
ബുധനാഴ്ച എട്ട് മണിക്കൂറോളമായിരുന്നു ഐഷയെ പൊലീസ് ചോദ്യം ചെയ്തത്. പിന്നാലെ വ്യാഴാഴ്ച രാവിലെ 9.45 ന് കവരത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നുള്ള നോട്ടീസും നല്കി. ഇത് പ്രകാരം ഹാജറാവുകയും ചെയ്തു. ഇതിന് ശേഷമാണ് കേരളത്തിലേക്ക് മടങ്ങുന്നതില്‍ പ്രശ്നമില്ലെന്ന് ലക്ഷദ്വീപ് പൊലീസ് അറിയിച്ചത് എന്നാണ് റിപ്പോര്‍ട്ട്.