kerala
കുരുക്ക് മുറുകുന്നു; അര്‍ജുന്‍ ആയങ്കി ജൂലൈ ആറുവരെ കസ്റ്റംസ് കസ്റ്റഡിയില്‍
"കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിലെ ജൂലൈ ആറുവരെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് സംഭവ ദിവസം അര്‍ജുന്‍ കരിപ്പൂരിലെത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകളുടെ പശ്ചാത്തലത്തിലായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ്.
ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ നിന്ന് സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ അര്‍ജ്ജുന്‍ ആയങ്കി ഉപയോഗിച്ചിരുന്നത് സ്വന്തം കാര്‍ തന്നെയായിരുന്നുവെന്നും കാറിന്റെ ഉടമ സജേഷ് ബിനാമിയാണെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വര്‍ണ്ണക്കടത്തിന്റെ ബുദ്ധികേന്ദ്രം അര്‍ജ്ജുനാണ്. അര്‍ജുനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ കസ്റ്റംസിന് മുന്‍പില്‍ ഹാജരാകുന്നതിന് മുന്‍പ് തന്നെ അര്‍ജുന്‍ ഫോണ്‍ അടക്കമുള്ളവ ഉപേക്ഷിച്ച് തെളിവുനശിപ്പിച്ചു എന്നാണ് നിഗമനം. കൂടാതെ അന്വേഷണത്തോട് അര്‍ജുന്‍ സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍ ജൂലൈ ആറുവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം.
അതേസമയം താന്‍ നിരപരാധിയാണെന്നാണ് അര്‍ജ്ജുന്‍ ആയങ്കിയുടെ പ്രതികരണം. പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും മാധ്യമങ്ങളും കസ്റ്റംസും ചേര്‍ന്ന് പലതും കെട്ടിച്ചമക്കുകയാണെന്നും അര്‍ജ്ജുന്‍ ആയങ്കി പറഞ്ഞു. അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ ക്വട്ടേഷന്‍ സംഘാംഗത്തിന്റേതെന്ന പേരിലുള്ള ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതം വെക്കുമെന്നും അതില്‍ ഒരു വിഭാഗം പാര്‍ട്ടിക്കെന്നും ശബ്ദരേഖയില്‍ പറയുന്നു. ടിപി ചന്ദ്രേശഖരന്‍ വധികേസില്‍ പ്രതികളായ കൊടി സുനി പിന്നിലുണ്ടെന്നും മുഹമ്മദ് ഷാഫി ഇടപെടുമെന്നും ശബ്ദരേഖയില്‍ പറയുന്നു.
പുറത്ത് വരുന്ന ശബ്ദരേഖ ആധികാരികമാണെന്ന് തെളിയുകയാണെങ്കില്‍ കൂടുതല്‍ സിപിഐഎം ബന്ധമുള്ള കൂടുതല്‍ പേര്‍ കുടുങ്ങിയേക്കുമെന്നാണ് സൂചന."