
national
ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധന; പെട്രോളിനും ഡീസലിനും ലിറ്ററിന് 29 പൈസ കൂടി; ആറുമാസത്തിനിടെ ഉയര്‍ന്നത് 11 രൂപ
രാജ്യത്തെ ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോളിനും ഡീസലിനും ലിറ്ററിന് 29 പൈസ വീതമാണ് ഇന്നത്തെ വര്‍ദ്ധന. ഇതോടെ തിരുവനന്തപുരത്ത് പ്രട്രോളിന് 97.85, ഡീസലിന് 93.18 രൂപയിലുമെത്തി. കോഴിക്കോട് പെട്രോള്‍- 96.26, ഡീസല്‍- 91.74, കൊച്ചി പെട്രോള്‍- 95.96, ഡീസല്‍-91.43 എന്ന നിലയിലെത്തി.
സംസ്ഥാനത്ത് വില്‍പന നടത്തുന്ന പ്രീമിയം പെട്രോളിന്റെ വില നേരത്തെ നൂറ് രൂപ പിന്നിട്ടിരുന്നു. വില വര്‍ദ്ധനയില്‍ വ്യാപകമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇന്ന് വീണ്ടും വില വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.
അതേസമയം, ഇന്ധന വില വര്‍ദ്ധനയില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുകയാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് ഇന്ന് പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും.