national
ഇന്നും വില കൂട്ടി; പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയും വര്‍ദ്ധിച്ചു
ന്യൂഡൽഹി: രാജ്യത്തെ ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ കേരളത്തിലെ പെട്രോള്‍ വില 98 രൂപ പിന്നിട്ടു. നിലവില്‍ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 96 രൂപ 34 പൈസയും ഡീസലിന് 91 രൂപ 77 പൈസയുമാണ് ഇന്നത്തെ വില.
ഈ മാസം ഏഴാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. വില വര്‍ദ്ധനയില്‍ വ്യാപകമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇന്ന് വീണ്ടും വില വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് വില്‍പന നടത്തുന്ന പ്രീമിയം പെട്രോളിന്റെ വില നേരത്തെ നൂറ് രൂപ പിന്നിട്ടിരുന്നു. ഇതോടെ വ്യാപക പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ഇന്നലെ എഐസിസിയുടെ നേതൃത്വത്തില്‍ രാജ്യത്തെ വിവിധയിടങ്ങളിലെ പ്രെട്രോള്‍ പമ്പുകളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കേരളത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരുവല്ലയിലും നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കണ്ണൂരിലും ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തല എം എം ഹസ്സന്‍ എന്നിവര്‍ തിരുവനന്തപുരത്തെ വിവിധ പെട്രോള്‍ പമ്പുകളിലും പ്രതിഷേധങ്ങളില്‍ പങ്കെടുത്തു. പമ്പില്‍ പെട്രോള്‍ നിറയ്ക്കാനെത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് അധിക നികുതിത്തുക തിരികെ നല്‍കിക്കൊണ്ട് ഉള്‍പ്പെടെയായിരുന്നു പ്രതിഷേധം.
അതിനിടെ, ഇന്ധന വില വര്‍ധിക്കുമ്പോള്‍ കേരളത്തിലെ ഭരണകൂടം ആഹ്ളാദിക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പെട്രോള്‍ ഡീസല്‍ വിലവര്‍ധന സാധാരണ ജനങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്. പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കുമ്പോള്‍ കേരളത്തിന്റെ ഭരണകൂടം ആഹ്ളാദിക്കുന്നതായും ചെന്നിത്തല പറഞ്ഞു.ഇന്ധന വില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് മോദി ഗവണ്‍മെന്റ് നടപ്പിലാക്കുന്നത്.ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന ബിജെപി ഗവണ്‍മെന്റിനെ ഒത്താശ ചെയ്യുന്ന നിലപാടാണ് കേരളത്തിലെ സര്‍ക്കാരിന്റേതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Summary: Even today, prices have risen; Petrol price was hiked by 27 paise and diesel by 24 paise [ www.livetodaymalayalam.in]