kerala
സ്വകാര്യ ആശുപത്രിയിയിലെ നിരക്ക് നിശ്ചയിച്ചു; ലംഘിച്ചാല്‍ പത്തിരട്ടി പിഴ
സ്വകാര്യാശുപത്രിയിലെ കോവിഡ് ചികില്‍സാനിരക്ക് നിശ്ചയിച്ചെന്ന് സര്‍ക്കാര്‍. ജനറല്‍ വാര്‍ഡില്‍ പ്രതിദിനം 2,645 രൂപയാണ് നിരക്ക്. ചികില്‍സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഉള്‍പ്പെടും. അധികതുക ഈടാക്കിയാല്‍ അധിക തുകയുടെ പത്തിരട്ടി പിഴ ചുമത്തുമെന്നും സര്‍ക്കാര്‍. ആര്‍ടി പിസിആര്‍ 500രൂപയായി തുടരും. പരാതി പരിശോധിക്കാന്‍ അപ്പീല്‍ അതോറിറ്റി നിശ്ചയിച്ചു. ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ അപ്പീല്‍ അതോററ്റി വരും. ഡി.എം.ഒയ്ക്കും പരാതികള്‍ നല്‍കാം. നഷ്ടം സഹിച്ചും സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുമെന്ന് എം.ഇ.എസ് അറിയിച്ചു. മിനിമം നിരക്ക് അംഗീകരിക്കുന്നുവെന്ന് കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷനും അറിയിച്ചു.
NABH അംഗീകൃത ആശുപത്രികളില്‍ പരമാവധി 2910 രൂപ വരെ ഈടാക്കാം. എച്ച്.ഡി.യു. നിരക്ക് : NABH അംഗീകൃതം-4175; മറ്റിടങ്ങളില്‍ 3795 രൂപ. ഐസിയു നിരക്ക് : NABH അംഗീകൃതം-7800; മറ്റിടങ്ങളില്‍ 8580 രൂപ. വെന്റിലേറ്റര്‍ ഐസിയു : NABH അംഗീകൃതം-13800; മറ്റിടങ്ങളില്‍ 15180 രൂപ.
അധികതുക ഈടാക്കിയാല്‍ അധിക തുകയുടെ പത്തിരട്ടി പിഴ ചുമത്തും. രൂക്ഷവിമര്‍ശനവുമായും ഹൈക്കോടതി രംഗത്തെത്തി. നീതികരിക്കാനാകാത്തവിധം ആശുപത്രികള്‍ ബില്ലുകള്‍ ഈടാക്കുന്നതായി ഹൈക്കോടതി പറഞ്ഞു. കഞ്ഞിക്കു 1353 രൂപയും ഒരു ഡോളോ ഗുളികയ്ക്ക് 25 രൂപയും ഈടാക്കിയ ആശുപത്രികളുണ്ട്. ബില്ലുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകള്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നിരക്കുകള്‍ ജനങ്ങള്‍ക്ക് കാണാനാകും വിധം പ്രദര്‍ശിപ്പിക്കണമെന്നും കോടതി പറഞ്ഞു.