Headlines
Loading...
കോവിഡ് കാലത്ത് ആകാശത്ത് വച്ച് കല്യാണം, നിയന്ത്രണങ്ങള്‍ ലംഘിച്ച് നൂറിലേറെ പേര്‍ -വീഡിയോ

കോവിഡ് കാലത്ത് ആകാശത്ത് വച്ച് കല്യാണം, നിയന്ത്രണങ്ങള്‍ ലംഘിച്ച് നൂറിലേറെ പേര്‍ -വീഡിയോ

ചെന്നൈ: വിവാഹം ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ വിവാഹം അവിസ്മരണീയമാക്കാന്‍ മധുരയില്‍ നടന്ന ഒരു കല്യാണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.സാമൂഹിക അകലം ഉള്‍പ്പെടെ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചില്ല എന്ന തരത്തില്‍ ആക്ഷേപങ്ങളും ഉയരുന്നുണ്ട്.

മെയ് 23ന് ആകാശത്തുവച്ചാണ് വധുവരന്മാര്‍ വിവാഹിതരായത്. മധുരയില്‍ നിന്ന് ബംഗളൂരുവിലേക്ക് വിമാനം ചാര്‍ട്ട് ചെയ്താണ് ആകാശത്തുവച്ചുള്ള വിവാഹം നടന്നത്. അച്ഛന്‍ രണ്ടുമണിക്കൂര്‍ നേരത്തേയ്ക്ക് വിമാനം ബുക്ക് ചെയ്യുകയായിരുന്നു. 


ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം വിമാനത്തില്‍ വച്ച് നടത്തിയതിന് പിന്നിലെ കാരണം കോവിഡ് വ്യാപനമാണ്. മധുര സ്വദേശികളായ രാകേഷും ദീക്ഷണയുമാണ് വരനും വധുവും. 130 പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇവരുമായി ചാര്‍ട്ടേഡ് വിമാനം പറന്നുയര്‍ന്നു. ആകാശത്തുവച്ച് വിവാഹവും നടന്നു. 

തമിഴ്‌നാട് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടുകയും മെയ് 23 ന് നിയന്ത്രണത്തില്‍ ഇളവ് നല്‍കുകയും ചെയ്തിരുന്നു. ഒരു സ്വകാര്യ ചടങ്ങില്‍ വച്ച് രാകേഷും ദീക്ഷണയും വിവാഹിതരായിരുന്നെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതോടെ വിമാനത്തില്‍ വച്ച് വിവാഹം കഴിച്ച് ആ ചടങ്ങ് മനോഹരമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത 130 പേരും തങ്ങളുടെ ബന്ധുക്കള്‍ ആണെന്നും എല്ലാവരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയതാണെന്നും ദമ്പതികള്‍ അവകാശപ്പെട്ടു. 


എന്നാല്‍ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.കോവിഡ് വ്യാപന കാലത്ത് വിമാനയാത്ര നടത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. പിപിഇ കിറ്റ്, മാസ്്ക്, ഫെയ്‌സ് മാസ്‌ക് എന്നിവ ധരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ദൃശ്യങ്ങളില്‍ ഇതൊന്നും പാലിച്ചില്ല എന്നാണ് വ്യക്തമാകുന്നത്. സാമൂഹിക അകലവും പാലിച്ചിട്ടില്ല. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇത് അനാവശ്യമല്ലെ എന്ന തരത്തിലാണ് ചോദ്യങ്ങള്‍ ഉയരുന്നത്.