Headlines
Loading...
ഇന്ന്  കുഞ്ഞുണ്ണി മാഷിന്‍റെ 94ാം ജന്മദിനം; കുട്ടിക്കവിതകളില്‍ വലിയ കാര്യങ്ങള്‍ നിറച്ച മാഷിന്‍റെ സ്മരണകള്‍ക്ക് ....

ഇന്ന് കുഞ്ഞുണ്ണി മാഷിന്‍റെ 94ാം ജന്മദിനം; കുട്ടിക്കവിതകളില്‍ വലിയ കാര്യങ്ങള്‍ നിറച്ച മാഷിന്‍റെ സ്മരണകള്‍ക്ക് ....

കുഞ്ഞിക്കവിതകളിലൂടെ ഒത്തിരി വലിയകാര്യങ്ങൾ പറഞ്ഞു. തന്നിട്ടുള്ള കുഞ്ഞുണ്ണിമാഷുടെ കവിതകളെക്കുറിച്ച്...

നാടൻമണ്ണിൽ വിതച്ച വിത്തുകളാണ് കുഞ്ഞുണ്ണിക്കവിത. നാട്ടുമാങ്ങയുടെ കൽക്കണ്ടമധുരവും നാടൻ സ്വാദുമാണ് ആ കവിതാരസം. ഗ്രാമീണതയും മലയാളിത്തവും ചേർന്നാണ് പഴമൊഴിയും വാമൊഴിയുമായി കുറുമൊഴി ജനപ്രിയമായത്. ഭാഷയായും ഭക്ഷണമായും വേഷമായും കേരളത്തനിമയിൽ അത് അമ്മ മലയാളമായി മാറുന്നു.
'അമ്പത്താറക്ഷരമല്ല
അമ്പത്തൊന്നക്ഷരവുമല്ലെന്റെ മലയാളം
മലയാളമെന്ന നാലക്ഷരവുമല്ല
അമ്മ എന്ന ഒരൊറ്റക്ഷരമാണെന്റെ മലയാളം' മലയാളത്തിന്റെ തനതുസംസ്കാരത്തെയാണ് കവി അമ്മയെന്ന് വിളിക്കുന്നത്.

മാതൃസ്നേഹത്തിൽ നട്ടുനനച്ച് മണ്ണിന്റെ മണവും ഗുണവുമായി വളർന്ന് പ്രകൃതിയുടെ പൂമരമായി വിരിയുകയാണ് കുഞ്ഞുണ്ണിയുടെ അമ്മ മലയാളം. അച്ഛൻ ഡാഡിയും അമ്മ മമ്മിയുമാകുമ്പോൾ മലയാളം 'ഡമ്മി'യാകുന്നു.
'അമ്മ മമ്മിയായന്നേ മരിച്ചു മലയാളം
ഇന്നുള്ളതതിൻ ഡാഡി ജഡമാം മലയാളം.'
'ജനിക്കും നിമിഷംതൊട്ട് മകനിംഗ്ലീഷ് പഠിക്കാൻ ഭാര്യയുടെ പേറ് ഇംഗ്ലണ്ടിലാക്കുന്ന' ഭർത്താവിനെ കുഞ്ഞുണ്ണി നിർത്തിപ്പൊരിച്ചത് അറിയില്ലേ? പൊങ്ങച്ചക്കുഴമ്പനായ മലയാളി അവന്റെ ജീവിതവും ഭാഷയും മലിനപ്പെടുത്തുന്നതുകണ്ട് കവി ഊറിച്ചിരിക്കുന്നു.

'പണ്ട് ഒരു മലയാളിയുമൊരു മലയാളിയു
മൊരു മലയാളിയും ചേർന്നാൽ
മൂന്ന് മലയാളം
ഇന്ന് ഒരു മലയാളം
ഒരേയൊരു മലയാളം
വെങ്കല മലയാളം'
ശുദ്ധമനസ്സും ശുദ്ധമലയാളവുമാണ് നമുക്കാവശ്യം. പാണ്ഡിത്യവും മിടുക്കും പ്രകടിപ്പിക്കാൻ വാക്കിനെ വികലമാക്കുന്നവരെ കുഞ്ഞുണ്ണി കണക്കിന് കളിയാക്കും:
'പണ്ടത്തെ നമ്പൂരി
അച്ചനെ അച്ഛനാക്കി
അപ്പനെ അപ്ഫനാക്കി
മകനെയും മകളെയും മഹനും മഹളുമാക്കി.'
തനിമയും മൗലികതയും ഗ്രാമീണപ്പച്ചയുമാണ് ഭാഷയുടെ ശക്തിയും സൗന്ദര്യവുമെന്ന് കരുതുകയാണ് കവി. മറ്റു ഭാഷയും സംസ്കാരവുമായി കൊടുക്കൽ വാങ്ങലുകൾ ആവാം. എന്നാൽ മാതൃഭാഷയുടെ ഉള്ളിൽ ഉജ്ജ്വലിക്കുന്ന കനൽ നാം ഊതിക്കെടുത്തരുതെന്നാണ് കുഞ്ഞുണ്ണി പറയുക.
'പണ്ടിതു പെൺമലയാളം
ഇന്നിതു പണ മലയാളം
ഇനിയിതു പിണ മലയാളം'
എന്ന് മലയാളത്തിന്റെ ഭാവിയെപ്പറ്റി ആശങ്കപ്പെടുന്നുണ്ടെങ്കിലും നമ്മുടെ മണ്ണിന്റെ ജൈവികതയും സംസ്കാരവും മൂല്യസങ്കല്പങ്ങളും അണയുകയില്ലെന്ന് കവി സ്വപ്നം കാണുന്നുണ്ട്.
'ഞാനൊരു മലയാളിയാണ് തനി മലയാളി
ഞാനടക്കമുള്ള ഈ പ്രപഞ്ചം മുഴുവൻ എനിക്ക് മലയാളത്തിലെഴുതപ്പെട്ട ഒരു കവിതയാണ്' എന്നെഴുതുന്ന കുഞ്ഞുണ്ണി 'മലയാളദേശ'ത്തെ 'മലയാള പ്രപഞ്ച'മാക്കുന്നു. പ്രാദേശിക ഭേദങ്ങളും വാമൊഴി വഴക്കങ്ങളും സംരക്ഷിക്കാനും സമ്പൂർണമായ ഒരു പര്യായനിഘണ്ടു രചിക്കാനും മാഷ് പ്രായോഗികപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. മലയാളത്തിന്റെ ഉണ്മയെ പരിരക്ഷിക്കുക എന്ന ദൗത്യമാണ് കുഞ്ഞുണ്ണി ഏറ്റെടുത്തത്. 'കേരളീയൻ', 'ഭാരതീയൻ' എന്നല്ല,
'ഞാൻ കേരളൻ! ഞാൻ ഭാരതൻ
ഞാൻ കൈരളി! ഞാൻ ഭാരതി'
എന്ന് ഉറച്ച് ഉരിയാടാനാണ് ഉപദേശം. അധ്വാനമഹിമയിൽ ഊറ്റംകൊള്ളാത്ത മലയാളിയെ മാഷ് പരിഹസിച്ചിട്ടുണ്ട്. അരി തഞ്ചാവൂരിൽനിന്നും പച്ചക്കറി പൊള്ളാച്ചിയിൽനിന്നും പാൽ പോത്തന്നൂരിൽനിന്നും പൈസ 'ഫോറിനിൽ'നിന്നും വാങ്ങി കന്നും കൃഷിയും ഇല്ലാതാക്കി തിന്നുമുടിച്ച മലയാളിയുടെ ചിത്രം വിചിത്രമായി കുഞ്ഞുണ്ണി ഒരു കവിതയിൽ വരച്ചുവെച്ചു.
'വിശ്വമാനവനെ താനെ
ന്നുൽഘോഷിച്ചു നടപ്പവൻ
വിശ്വം തന്നുടെ കുപ്പായ
ക്കീശയായിട്ടെടുപ്പവൻ'
എന്ന് മലയാളിയുടെ അല്പത്വത്തെയും അഹങ്കാരത്തെയും കവി അക്ഷരത്തിലാക്കുന്നു.
നാടനും നടത്തപ്രിയനും ഭക്ഷണപ്രിയനുമായിരുന്നു കുഞ്ഞുണ്ണി. കവിത എഴുതുമ്പോഴും ചൊല്ലുമ്പോഴും മലയാളക്കുപ്പായമൂരാൻ കവി കൗതുകം കാണിക്കുന്നില്ല. കുട്ടികളുമൊത്തുള്ള സല്ലാപത്തിലും സുഹൃത്തുക്കളുടെ വെടിവട്ടത്തിലും മാഷ് മലയാളം മാത്രം പറയുന്നു. നാടനാവുമ്പോൾ, നാടൻ ഭക്ഷണം കഴിക്കുമ്പോൾ, നടക്കുമ്പോൾ, ഇരിക്കുമ്പോൾ, പഠിപ്പിക്കുമ്പോൾ, പ്രസംഗിക്കുമ്പോൾ എല്ലാം കേരളനിൽനിന്ന് കേരളനിലേക്ക് സഞ്ചരിക്കുകയായിരുന്നു കവി. ചിരിയിലും ചിന്തയിലും വരച്ചെടുത്ത അമ്മമലയാളം കുഞ്ഞുണ്ണിയുടെ മുമ്പിൽ നിറങ്ങളും നിറവുകളുമായി.
മാനവികതയും സ്നേഹവും ചാലിച്ച 'കുഞ്ഞുണ്ണി മലയാളം' മണ്ണിനെയും മനസ്സിനെയും ശുദ്ധീകരിക്കുന്നു.

ഇന്ന് കുഞ്ഞുണ്ണി മാഷിന്‍റെ 94ാം ജന്മദിനം; കുട്ടിക്കവിതകളില്‍ വലിയ കാര്യങ്ങള്‍ നിറച്ച മാഷിന്‍റെ സ്മരണകള്‍ക്ക് ....