Headlines
Loading...
ബിഗ് ബോസ് 3 വിജയിയെ പ്രഖ്യാപിക്കാൻ കഴിയാതെ അരങ്ങൊഴിഞ്ഞു, മത്സരാർത്ഥികൾ തിങ്കളാഴ്ച കേരളത്തിലേക്ക്

ബിഗ് ബോസ് 3 വിജയിയെ പ്രഖ്യാപിക്കാൻ കഴിയാതെ അരങ്ങൊഴിഞ്ഞു, മത്സരാർത്ഥികൾ തിങ്കളാഴ്ച കേരളത്തിലേക്ക്

മലയാളത്തിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ആയ ബിഗ് ബോസ് തുടർച്ചയായ രണ്ടാമത്തെ സീസണിലും അവസാന വിജയി ഇല്ലാതെ അരങ്ങൊഴിഞ്ഞു. കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലും ഷൂട്ടിംഗ് തുടർന്നുകൊണ്ടിരുന്ന ബിഗ് ബോസ് മലയാളത്തിന്റെ ലൊക്കേഷൻ കഴിഞ്ഞ ദിവസം തമിഴ്നാട് പൊലീസും റവന്യൂ വകുപ്പും ചേർന്ന് സീൽ ചെയ്തതിരുന്നു. ഇതേതുടർന്ന് മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. പ്രതിസന്ധി മാറിയാൽ ഉടൻ തന്നെ ബിഗ് ബോസ്സിന്റെ സംപ്രേക്ഷണം പുന:രാരംഭിക്കുന്നതായിരിക്കുമെന്നാണ് ചാനൽ ഔദ്യോഗികമായി അറിയിച്ചിരുന്നത്. എന്നാൽ ഷോ തുടരാൻ സാധിക്കാത്തതിനാൽ മത്സരാർത്ഥികൾ തിങ്കളാഴ്ച കേരളത്തിലേക്ക് തിരിക്കും.

ബിഗ് ബോസ് മലയാളം മൂന്നാം സീസൺ 95 എപ്പിസോഡുകൾ പൂർത്തിയാക്കിയ ശേഷമാണ് നിർത്തിവെക്കുന്നത്. തമിഴ്നാട്ടിലെയും കേരളത്തിലെയും ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സീസൺ രണ്ടാഴ്ച കൂടി നീട്ടിയിരുന്നു. കഴിഞ്ഞ സീസണും കോവിഡ് മൂലം പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കോവിഡ് ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ ഫിലിം-ടെലിവിഷൻ ഷൂട്ടിംഗിന് തമിഴ്‌നാട് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടുംസുരക്ഷാക്രമീകരണങ്ങളോടെ ഷൂട്ടിംഗ് മുന്നോട്ട് പോവുകയായിരുന്നു ഇത്രയും നാളും.


തിരുവല്ലൂർ റവന്യൂ ഡിവിഷണൽ ഓഫീസർ പ്രീതി പാർകവിയുടെ നേതൃത്വത്തിലുള്ള സംഘം മേയ് 19ന് രാത്രി എട്ടുമണിയോടെയാണ് ചെമ്പരാമ്പക്കത്തിലെ ഇവിപി ഫിലിം സിറ്റിയിലെത്തി ബിഗ് ബോസ് സെറ്റ് സീൽ ചെയ്തത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.

“ഞങ്ങൾ സെറ്റിൽ പ്രവേശിക്കുകയും ഗ്ലാസ് വാതിലുകൾക്ക് ഉള്ളിലൂടെ മത്സരാർത്ഥികളെ കാണുകയും ചെയ്തു. സെറ്റിനുള്ളിൽ അവർക്ക് ഭക്ഷണം എത്തിച്ചു. ക്യാമറാമാൻ, ടെക്നീഷ്യൻമാർ, മറ്റ് പ്രൊഡക്ഷൻ സ്റ്റാഫ് എന്നിവർക്ക് ഒപ്പം എട്ട് മത്സരാർത്ഥികളും അവിടെ ഉണ്ടായിരുന്നു. ഷോയുടെ 95 ദിവസം പൂർത്തിയായതായും 100 ദിവസത്തെ എപ്പിസോഡ് പൂർത്തിയാക്കാൻ അഞ്ച് ദിവസം കൂടി വേണമെന്നും അവർ ആവശ്യപ്പെട്ടെങ്കിലും ഞങ്ങൾ അനുമതി നിഷേധിക്കുകയായിരുന്നു. എല്ലാവർക്കും പിപിഇ കിറ്റ് നൽകി, ഉടനെ തന്നെ പുറത്തുപോവാൻ നിർദ്ദേശം നൽകി. സെറ്റ് സീൽ ചെയ്യുകയും ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു,” ഷോ തടഞ്ഞതിനെക്കുറിച്ച് പ്രീതി പാർകവി പറഞ്ഞത്.

ഷോ അവസാനിപ്പിച്ചതിനെ തുടർന്ന് അടുത്തുള്ള വാടക കെട്ടിടത്തിൽ താമസിച്ചിരുന്ന ടെക്നീഷ്യൻമാരോട് സ്ഥലം ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. എല്ലാവർക്കും കേരളത്തിലേക്ക് മടങ്ങുന്നതിന് ഇ-പാസുകൾ നൽകാൻ പ്രൊഡക്ഷൻ ഹൗസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഫെബ്രുവരി 14നാണ് ബിഗ് ബോസ് സംപ്രേക്ഷണം ആരംഭിച്ചത്. 14 മത്സരാർത്ഥികളെ വെച്ചു തുടങ്ങിയ ഷോയിലേക്ക് പിന്നീട് സജ്ന-ഫിറോസ്, മിഷേൽ, ഏഞ്ചൽ തോമസ്, രമ്യ പണിക്കർ എന്നീ മത്സരാർത്ഥികൾ വൈൽഡ് കാർഡ് എൻട്രിയായി എത്തിയിരുന്നു. ഷോ നിർത്തിയ അവസാന ആഴ്ചയിൽ മണിക്കുട്ടൻ. ഡിംപൽ ഭാൽ, അനൂപ് കൃഷ്ണൻ, ഋതു മന്ത്ര, സായി വിഷ്ണു, നോബി, റംസാൻ, കിടിലം ഫിറോസ് എന്നിങ്ങനെ എട്ടു മത്സരാർത്ഥികളാണ് ബിഗ് ബോസ് ഹൗസിൽ ശേഷിച്ചിരുന്നത്.

കടപ്പാട്: IE MALAYALAM