Headlines
Loading...
യുവതിയുടെ മൂക്ക് തകര്‍ത്ത ഡെലിവറി ബോയ് പിടിയില്‍; മാപ്പ് പറഞ്ഞ് സൊമാറ്റോ

യുവതിയുടെ മൂക്ക് തകര്‍ത്ത ഡെലിവറി ബോയ് പിടിയില്‍; മാപ്പ് പറഞ്ഞ് സൊമാറ്റോ

ബംഗളൂരു: ഉപഭോക്താവായ യുവതിയെ കൈയ്യേറ്റം ചെയ്ത കേസില്‍ സോമാറ്റോ ഡെലിവറി ബോയിയെ അറസ്റ്റ് ചെയ്തു. ബംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി ജോഷി ശ്രീനാഥാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റും വ്‌ളോഗറുമായി ഹിതേഷാ ചന്ദ്രാണിയാണ് തന്നെ സൊമാറ്റോ ഡെലിവറി ബോയ് ആക്രമിച്ചെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്. രക്തം വാര്‍ന്നൊലിക്കുന്ന മൂക്കുമായി സോഷ്യല്‍ മീഡിയാ ലൈവിലെത്തിയ ഇന്ദ്രാണി ആക്രമം സംഭവം വിവരിക്കുകയായിരുന്നു.

ഇന്ദ്രാണിയുടെ വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സൊമാറ്റോ അധികൃതര്‍ രംഗത്ത് വന്നു. വിഷയത്തില്‍ യുവതിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും സൊമാറ്റോ അധികൃതര്‍ വ്യക്തമാക്കി. അതേസമയം യുവതിയുടെ മൂക്ക് ഡോറില്‍ തട്ടിയാണ് മുറിഞ്ഞതെന്നും തന്നെ ചെരുപ്പുകൊണ്ട് തല്ലാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും ഡെലിവറി ബോയ് പറഞ്ഞു. ഇന്ദ്രാണിയുടെ വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് അറസ്റ്റിന് നിര്‍ബന്ധിതരായെന്നും റിപ്പോര്‍ട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവത്തെക്കുറിച്ച് ഇന്ദ്രാണി പറയുന്നത് ഇങ്ങനെ

ഓഫീസില്‍ നിന്ന് തിരികെയെത്തിയ ശേഷം സൊമാറ്റോ ആപ്പ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. പതിവിലും കൂടുതല്‍ വിശപ്പുണ്ടായിരുന്നു. ആപ്ലിക്കേഷനില്‍ കാണിക്കുന്ന സമയത്തിന് ശേഷവും ഭക്ഷണം ഡെലിവറി ചെയ്യപ്പെട്ടില്ല. പിന്നാലെ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടു.

ഭക്ഷണമെത്താന്‍ വീണ്ടും വൈകിയതോടെ വീണ്ടും പരാതി അറിയിച്ചു. പിന്നാലെയാണ് ഡെലിവറി ബോയി എത്തുന്നത്. അയാള്‍ ഭക്ഷണം കൊണ്ടുവരുമ്പോഴും കസ്റ്റമര്‍ കെയറില്‍ പരാതി അറിയിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ഡെലിവറി ബോയി തന്റെ മൂക്ക് ഇടിച്ച് തകര്‍ത്ത ശേഷം ഓടിപ്പോയി.