Headlines
Loading...
കണ്ടെത്തിയത് നാലു ലക്ഷത്തോളം ഇരട്ടവോട്ടുകള്‍; ചെന്നിത്തലയെ സഹായിച്ചത് ഐ.ഐ.എം.വിദഗ്ദ്ധര്‍

കണ്ടെത്തിയത് നാലു ലക്ഷത്തോളം ഇരട്ടവോട്ടുകള്‍; ചെന്നിത്തലയെ സഹായിച്ചത് ഐ.ഐ.എം.വിദഗ്ദ്ധര്‍

തിരുവനന്തപുരം: വോട്ടർപട്ടികയിലെ ഇരട്ടവോട്ട് കണ്ടെത്തിയത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദഗ്ധർ. പ്രതിപക്ഷ നേതാവിന്റെ നിർദേശം അനുസരിച്ചാണ് ഇവർ പ്രത്യേക സോഫ്റ്റ്വേർ തയ്യാറാക്കി പരിശോധന നടത്തിയത്. പേര്, ഫോട്ടോ, തിരിച്ചറിയൽ കാർഡ്, വിലാസം, ബന്ധുത്വം എന്നിങ്ങനെ എല്ലാസാമ്യങ്ങളും കണ്ടെത്തുന്ന സാങ്കേതിക സംവിധാനമാണ് ഉപയോഗിച്ചത്. പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങളാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറിയത്. പിന്നാലെ കൂടുതൽ മണ്ഡലങ്ങളിൽ ഇരട്ട വോട്ടുകൾ കണ്ടെത്തുന്ന സ്ഥിതിയുണ്ടായി.

തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും ഇത്തരം പ്രശ്നങ്ങൾ നടന്നിരുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും അതിന്മേൽ തുടർ നടപടികൾ ഉണ്ടായിരുന്നില്ല. നിലവിൽ നിയമസഭാ തിരഞ്ഞെടുപ്പിനും തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനും ഉപയോഗിക്കുന്ന വോട്ടർ പട്ടികകൾ വ്യത്യസ്തങ്ങളാണ്. നിയമസഭാ തിരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടർ പട്ടികയെ ഇരട്ട വോട്ടുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും അങ്ങനെ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.

തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും ഇരട്ട വോട്ടിന്റെ എണ്ണം ലക്ഷങ്ങളായാൽ വോട്ടർപട്ടിക അട്ടിമറിക്കാൻ ഗൂഡാലോചന നടന്നുവെന്ന് ന്യായമായും സംശയിക്കേണ്ടി വരും. ഭരണത്തിന്റെ തണലിൽ സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ഒരേപേരിൽ വ്യത്യസ്ത വോട്ടർ ഐഡി കാർഡുകൾ നൽകിയതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.


2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ ഇരട്ട വോട്ട് കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശ് കണ്ടെത്തി തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ മണ്ഡലത്തിലും വോട്ട് ഇരട്ടിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദഗ്ധ സഹായം ആവശ്യപ്പെട്ടത്. ഇതുപ്രകാരം പ്രത്യേക സോഫ്റ്റ്വേർ തയ്യാറാക്കി പരിശോധന നടത്തി ഇരട്ട വോട്ടുകൾ കണ്ടെത്തുകയായിരുന്നു.

ഒരേ മണ്ഡലത്തിൽ ഒരേ വിലാസത്തിൽ ചിലർക്ക് നാല് തിരിച്ചറിയൽ കാർഡുകൾ നൽകിയിട്ടുണ്ടെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലും വോട്ടിരട്ടിപ്പ് തെളിവ് സഹിതം തെളിയിക്കാനായാൽ സർക്കാർ പ്രതിക്കൂട്ടിലാകും. ഉന്നതതല ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് ഇരട്ടവോട്ടുകൾ ചേർത്തതെന്ന ആരോപണത്തിന് സാധൂകരണം നൽകുന്നതാകും അത്.

അതേസമയം പ്രത്യേക സോഫ്റ്റ്വേർ ഉപയോഗിച്ച് ഇരട്ട വോട്ടുകൾ കണ്ടെത്തുമെന്നും അത്തരക്കാരുടെ പട്ടിക പ്രത്യേകം തയ്യാറാക്കാനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇതനുസരിച്ച് ഇങ്ങനെ പട്ടികയിൽ പേര് വരുന്നവർ വോട്ട് ചെയ്യാനായി ബൂത്തിലെത്തിയാൽ കൈയിൽ മഷി പുരട്ടി അത് ഉണങ്ങിയെന്ന് ബോധ്യപ്പെട്ടതിന് ശേഷമാകും വോട്ട് ചെയ്യാനും തുടർന്ന് ബൂത്തിൽ നിന്ന് പുറത്തുപോകാനും അനുവദിക്കുവെന്നതാണ് നിലവിലെ തീരുമാനം.

ഇരട്ടവോട്ടുകൾ റദ്ദാക്കി പുതിയ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാൻ വോട്ടെടുപ്പിനുമുമ്പ് കഴിയില്ല എന്നതിനാലാണ് പുതിയ തീരുമാനം. ഇരട്ടവോട്ടുകളുടെ പട്ടിക ബൂത്തുതലത്തിൽ തയ്യാറാക്കി പ്രിസൈഡിങ് ഓഫീസർക്ക് നൽകും. ഇവർക്കാണ് ഒന്നിലധികം വോട്ട് ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം.

അതേസമയം ഇരട്ട വോട്ടിന് പിന്നിൽ ആസൂത്രിത നീക്കം ഉണ്ടായതായി കമ്മീഷൻ സംശയിക്കുന്നില്ല. ഓൺലൈനായി വോട്ടുചേർക്കുമ്പോൾ ഉണ്ടാകുന്ന പിഴവുകളും സാങ്കേതിക പിഴവുകളും മൂലമാകാം ഇങ്ങനെ സംഭവിച്ചിട്ടുണ്ടാകുക എന്നാണ് കമ്മീഷൻ കണക്കുകൂട്ടുന്നത്. എന്നാൽ ആസൂത്രിതമായി ഇങ്ങനെ ഒരു നീക്കം നടന്നുവന്നാൽ പോലും അത് തെളിയിക്കുക അത്ര എളുപ്പമല്ല.

ബൂത്തുതല ഓഫീസർമാർ ഒരേപേരിൽ ഒന്നിലേറെ വോട്ടുകൾ കണ്ടെത്തിയാൽ നീക്കംചെയ്യാം. എന്നാൽ, രാഷ്ട്രീയതാത്പര്യത്തോടെ ബി. എൽ.ഒ. പ്രവർത്തിച്ചാൽ ഇത് നടക്കില്ല. ഇക്കാര്യമാണ് പ്രതിസന്ധി സൃഷ്ടിക്കുക. ഒരാളുടെ പേര് ഒന്നിലേറെ വോട്ടർപട്ടികയിൽ ഉണ്ടായാലും തിരിച്ചറിയൽ കാർഡുകൾ ഒരെണ്ണമെ കാണു. എന്നാൽ മറ്റ് തിരിച്ചറിയൽ കാർഡുകൾ വേറെ ആളുകളാണ് കൈവശം വെക്കുന്നതെങ്കിൽ കള്ളവോട്ട് തടയുക ശ്രമകരമാണ്. കാരണം സാങ്കേതികമായി വോട്ടർ പട്ടികയിൽ പേരുള്ള അംഗീകൃത തിരിച്ചറിയൽ കാർഡുമായി വരുന്ന ആളിനെ വോട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കാൻസാധിക്കില്ല. ബൂത്തിലിരിക്കുന്ന സ്ഥാനാർഥിയുടെ ഏജന്റുമാർ ആക്ഷേപം ഉന്നയിച്ചാൽ മാത്രമേ അതിൽ നടപടിയെടുക്കാനാകു.