national
ടേക്ക് ഓഫിന് തൊട്ടു മുന്‍പ് കോവിഡ് പോസിറ്റീവാണെന്ന് യാത്രക്കാരന്‍
ന്യൂഡൽഹി: വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവാണെന്ന് വെളിപ്പെടുത്തി യാത്രക്കാരൻ. പൈലറ്റ് വിവരമറിയിച്ചതിനെ തുടർന്ന് വിമാനത്താവള അധികൃതർ വിമാനം തിരിച്ചുവിളിച്ചു.
ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്ന് പുനെയിലേക്ക് ടേക്ക് ഓഫിനൊരുങ്ങിയ ഇൻഡിഗോ 6ഇ-286 വിമാനത്തിലെ യാത്രക്കാരനാണ് ടേക്കോഫിന് തൊട്ടമുമ്പ് വിമാനജീവനക്കാരേയും യാത്രക്കാരേയും ഒരുപോലെ ഞെട്ടിച്ച വെളിപ്പെടുത്തൽ നടത്തിയത്. താൻ കോവിഡ് പോസിറ്റീവാണെന്ന് തെളിയിക്കുന്ന രേഖകളും ഇയാൾ കാബിൻ ക്രൂവിന് കൈമാറി. പൈലറ്റ് വിവരം വിമാനത്തവാളത്തിലെ കൺട്രോളറെ അറിയിക്കുകയായിരുന്നു.
കോവിഡ് പോസിറ്റീവ് ആയ യാത്രക്കാരൻ ഇരുന്നിരുന്ന സീറ്റ് ഉൾപ്പെടുന്ന ശ്രേണിയുൾപ്പടെ മൂന്നുവരികളിലെ സീറ്റുകളിലെ യാത്രക്കാരെ ആദ്യം പുറത്തിറക്കിയതിന് ശേഷമാണ് ഇയാളെ പുറത്തിറക്കിയത്. യാത്രക്കാരനെ ദക്ഷിണ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തുടർന്ന് സീറ്റുകൾ അണുവിമുക്തമാക്കുകയും സീറ്റ് കവറുകൾ മാറ്റുകയും ചെയ്തതിന് ശേഷമാണ് വിമാനം വീണ്ടും ടേക്ക് ഓഫിന് തയ്യാറായത്. വിമാനം അണുവിമുക്തമാക്കുന്ന നടപടികൾ ഉൾപ്പെടെ പൂർത്തിയാകുന്നത് വരെ മറ്റുയാത്രക്കാർക്ക് കാത്തിരിക്കേണ്ടി വന്നെങ്കിലും യാത്രക്കാർക്കാവശ്യമായ വെളളവും മറ്റുപാനീയങ്ങളും വിമാനക്കമ്പനി നൽകിയെന്നും തങ്ങൾ തൃപ്തരാണെന്നും യാത്രക്കാർ അറിയിച്ചു. ഇവർക്ക് പിപിഇ കിറ്റും വിമാനക്കമ്പനി നൽകി.