Headlines
Loading...
ധനവകുപ്പ് അനുമതി നിഷേധിച്ചു; സ്വയം ശമ്പളം വര്‍ധിപ്പിച്ച് ഉത്തരവിറക്കി ഖാദി ബോര്‍ഡ് സെക്രട്ടറി

ധനവകുപ്പ് അനുമതി നിഷേധിച്ചു; സ്വയം ശമ്പളം വര്‍ധിപ്പിച്ച് ഉത്തരവിറക്കി ഖാദി ബോര്‍ഡ് സെക്രട്ടറി

തിരുവനന്തപുരം: ധനവകുപ്പ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഖാദി ബോർഡ് സെക്രട്ടറി സ്വയം ശമ്പളം വർധിപ്പിച്ച് ഉത്തരവിറക്കി. 500 കോടി രൂപയുടെ കാഷ്യൂ കോർപ്പറേഷൻ അഴിമതി കേസിലെ ഒന്നാംപ്രതി കെഎ രതീഷാണ് സർക്കാരിനെ പോലും വെല്ലുവിളിച്ച് സ്വയം ശമ്പളം വർധിപ്പിച്ച് ഉത്തരവിറക്കിയത്.

ഖാദി ബോർഡ് സെക്രട്ടറി എന്ന നിലയിൽ രതീഷിന്റെ ശമ്പളം ഇരട്ടിയായി വർധിപ്പിക്കണമെന്ന് ഡയറക്ടർ ബോർഡ് തീരുമാനിച്ചിരുന്നു. എന്നാൽ ശുപാർശ ധനവകുപ്പ് നിരസിച്ചു. ശമ്പളം വർധിപ്പിക്കാനുള്ള ഫയൽ പിടിച്ചുവെച്ചു. ഇതിന് ബദലായാണ് ഖാദി ബോർഡ് സെക്രട്ടറി സ്വന്തം ശമ്പളം സ്വയം വർധിപ്പിച്ച് ഉത്തരവിറക്കിയത്. ഇതിന് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജിന്റെ പൂർണ പിന്തുണയും ലഭിച്ചു.

1.75,000 രൂപയായിട്ടാണ് ശമ്പളം വർധിപ്പിച്ചത്. ശമ്പള കുടിശ്ശികയായി 5,35,735 രൂപയും ചെക്കായി എഴുതിയെടുത്തു.

നേരത്തെ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥന സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് അഴിമതി നിരോധന വകുപ്പ് ഒഴിവാക്കി സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു. രതീഷ്, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, കരാറുകാരൻ ജയ്മോൻ ജോസഫ് എന്നിവരാണ് കേസിലെ മൂന്ന് പ്രതികൾ. മേയ് 12ന് ഹാജരാകാൻ ഇവർക്ക് നോട്ടീസും അയച്ചിട്ടുണ്ട്. രതീഷിനെതിരേയുള്ള കുറ്റപത്രം കോടതി അംഗീകരിച്ച സാഹചര്യത്തിൽ ഇയാൾക്കെതിരേ വകുപ്പുതല നടപടിയെടുക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.