Headlines
Loading...
പോയാല്‍ 50 ആത്മഹത്യ നടക്കുമെന്ന് വികാരധീനനായി പ്രവര്‍ത്തകന്‍; പുതുപ്പള്ളി വിടില്ലെന്ന് ഉമ്മന്‍ചാണ്ടി

പോയാല്‍ 50 ആത്മഹത്യ നടക്കുമെന്ന് വികാരധീനനായി പ്രവര്‍ത്തകന്‍; പുതുപ്പള്ളി വിടില്ലെന്ന് ഉമ്മന്‍ചാണ്ടി

നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കിയതോടെ വീടിന് സമീപത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. നേമത്ത് മത്സരിക്കാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും രണ്ടു സീറ്റുകളില്‍ മത്സരിക്കുമോ എന്ന കാര്യം കേന്ദ്രനേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ട് നേമത്ത് മത്സരിക്കാന്‍ സാധ്യത എന്ന വാര്‍ത്തകളെത്തുടര്‍ന്നാണ് രാവിലെ മുതല്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കോണ്‍ഗ്രസുകാര്‍ എത്തി തുടങ്ങിയത്. വൈകാരികമായ നിരവധി പ്രകടനങ്ങളാണ് സംഭവസ്ഥലത്ത് അരങ്ങേറിയത്. ഇതിനിടെ മീനടം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജസ്റ്റിന്‍ ജോണ്‍ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യാഭീഷണിയും മുഴക്കി. രാഹുല്‍ഗാന്ധി പറഞ്ഞാലും ഉമ്മന്‍ചാണ്ടിയെ വിട്ടുതരില്ലെന്ന് പറഞ്ഞാണ് അദ്ദേഹം വീടിന് മുകളില്‍ കയറിയത്. പുതുപ്പള്ളി വിട്ടുപോവില്ലെന്ന് അറിയിച്ചതോടെയാണ് വീടിന് മുകളില്‍ നിന്ന് ഭീഷണിക്കാരനും താഴെയിറങ്ങിയത്. മറ്റു ചില പ്രവര്‍ത്തകര്‍, ഉമ്മന്‍ചാണ്ടി നേമത്തേക്ക് പോയാല്‍ 50 ആത്മഹത്യ വരെ പുതുപ്പള്ളിയില്‍ നടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ കാറിന് സമീപത്ത് നിന്ന പ്രവര്‍ത്തകന്‍ അദ്ദേഹത്തോട് തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
 
‘ഉമ്മന്‍ചാണ്ടി സാറ്, ഞങ്ങളുടെ ഓമന നേതാവാ, വിട്ടുതരില്ല, അങ്ങനെ ചോദിക്കേണ്ട, സ്വന്തം പിതാവിനെയോ സഹോദനെയോ ആരെയെങ്കിലും വിട്ടു കൊടുക്കോ, കുഞ്ഞൂഞ്ഞിന് വിട്ടുതരില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങളും സംഭവസമയത്ത് ഉയര്‍ന്നു. സ്ത്രീകളും യുവാക്കളും അടക്കം വലിയ ജനകൂട്ടമാണ് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ തടിച്ചുകൂടിയത്. ഉമ്മന്‍ചാണ്ടിയുടെ വലിയ ഫ്ളക്സുകളും പരിസരത്ത് പ്രവര്‍ത്തകര്‍ സ്ഥാപിച്ചു.

അതേസമയം, വിഷയത്തില്‍ രൂക്ഷപ്രതികരണമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ് നടത്തിയത്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും മാറേണ്ട ആവശ്യമില്ലെന്നും നേമത്തിന് എന്താണ് ഇത്ര പ്രധാന്യമെന്നുമാണ് കെസി ജോസഫ് ചോദിച്ചത്. അദ്ദേഹത്തെ എവിടേയും തളച്ചിടാന്‍ നോക്കേണ്ടതില്ല, എല്ലാ മണ്ഡലങ്ങളിലും ഉമ്മന്‍ചാണ്ടിക്ക് പ്രചാരണത്തിന് പേകാനാകണമെന്നും കെസി ജോസഫ് പറഞ്ഞു.

ഇതിനിടെ, നേമത്ത് മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് കെ. മുരളീധരന്‍ രംഗത്തെത്തി. മത്സരിക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കും. നേമത്ത് മത്സരിക്കാന്‍ ഉപാധികള്‍ വയ്ക്കില്ല. ബിജെപിയെ ഭയമില്ല. കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആരും കരുതണ്ട. വടകര സീറ്റ് ആര്‍.എം.പി കൊടുത്തു. കെ.കെ രമ തന്നെ മത്സരിക്കണമെന്ന് നിര്‍ബന്ധമില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള അവകാശം ആര്‍.എം.പിക്കാണെന്നും മുരളീധരന്‍ പറഞ്ഞു.