assembly election 2021
kerala
38,586 ഇരട്ടവോട്ട് കണ്ടെത്തിയെന്ന് കമ്മിഷന്‍; ചെന്നിത്തലയുടെ ഹർജിയിൽ വിധി നാളെ
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ 38,586 ഇരട്ടവോട്ടുകള്‍ കണ്ടെത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍. ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചെന്നിത്തലയുടെ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. ഇരട്ട വോട്ടുകള്‍ തടയുന്നതിന് നാലിന നിര്‍ദേശങ്ങളും ചെന്നിത്തല ഹൈക്കോടതിക്ക് കൈമാറി.
രമേശ് ചെന്നിത്തലയുടെ പരാതിയെ തുടര്‍ന്ന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നടത്തിയ പരിശോധനയിലാണ് 38,586 ഇരട്ടവോട്ടുകള്‍ കണ്ടെത്തിയത്. ഈ വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ ബിഎല്‍ഒമാര്‍ ബന്ധപ്പെട്ട പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് കൈമാറുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അതേസമയം തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചതിനാല്‍ ഇനി വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്താനാകില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന്‍റെ സംശുദ്ധി കാത്തു സൂക്ഷിച്ച് നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മിഷന്‍ ഉറപ്പ് നല്‍കി.
അതേസമയം ഇരട്ടവോട്ടുകള്‍ തടയുന്നതിന് പ്രതിപക്ഷ നേതാവ് നാല് നിര്‍ദേശങ്ങള്‍ ഹൈക്കോടതിയ്ക്ക് കൈമാറി. ഒന്നിലധികം വോട്ടുള്ളവര്‍ ഏത് ബൂത്തില്‍ ആണ് വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് ബിഎല്‍ഓമാര്‍ മുന്‍കൂട്ടി രേഖാമൂലം എഴുതി വാങ്ങണം. ഇതിന്‍റെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് തിരഞ്ഞെടുപ്പിന് മുമ്പ് കൈമാറണമെന്നാണ് ഒരു നിര്‍ദേശം. ഇരട്ടവോട്ടുള്ളവര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ മറ്റൊരു വോട്ട് ചെയ്തിട്ടില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്ക് സത്യവാങ്മൂലം നല്‍കണം.
ഇരട്ടവോട്ടുള്ളവര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ അവരുടെ ഫോട്ടോയെടുത്ത് വോട്ടര്‍പട്ടികയിലെ വിശദാംശങ്ങള്‍ സഹിതം തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ സെര്‍വറില്‍ അപ്്ലോഡ് ചെയ്യണം. തിരഞ്ഞെടുപ്പിനു ശേഷം സോഫ്റ്റ് വെയറിന്‍റെ സഹായത്തോടെ ഈ ഫോട്ടോകളും വിശദാംശങ്ങളും വിശകലനം ചെയ്യണമെന്നും രമേശ് ചെന്നിത്തലയുടെ നിര്‍ദേശങ്ങളിലുണ്ട്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് കേസില്‍ നാളെ വിധി പറയും.