ആദ്യ രാജ്യാന്തര ടി-20 മത്സരം നിയന്ത്രിച്ച് മലയാളി അമ്പയർ അനന്തപദ്മനാഭൻ. ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടി-20 മത്സരം നിയന്ത്രിച്ചാണ് അനന്തപദ്മനാഭൻ ഈ നേട്ടത്തിലെത്തിയത്. കഴിഞ്ഞ ഓഗസ്റ്റിൽ അനന്തപദ്മനാഭൻ ഐസിസിയുടെ രാജ്യാന്തര അമ്പയർമാരുടെ പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2008 മുതലാണ് അദ്ദേഹം അമ്പയറിംഗ് ആരംഭിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ രഞ്ജി ട്രോഫി ഉൾപ്പെടെ ഒട്ടേറെ മത്സരങ്ങൾ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സൗരാഷ്ട്ര-ബംഗാൾ രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിൽ രണ്ടറ്റത്തു നിന്നും മത്സരം നിയന്ത്രിച്ച് അദ്ദേഹം ശ്രദ്ധേയമായ നേട്ടവും സ്വന്തമാക്കിയിരുന്നു. ഒപ്പമുണ്ടായിരുന്ന സി ശംസുദ്ദീൻ പരുക്കേറ്റ് പുറത്താവുകയും പകരം ആളെ കണ്ടെത്താൻ കഴിയാതെ വരികയും ചെയ്തതോടെയാണ് അദ്ദേഹം ഈ അപൂർവ നേട്ടത്തിലെത്തിയത്. ദക്ഷിണാഫ്രിക്കയിലെ ഫസ്റ്റ് ക്ലാസ് മത്സരങ്ങളും അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്.