national
രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി; പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിച്ചു
അഹമ്മദാബാദ്: രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ അവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം നല്ലരീതിയിൽ അത് നിറവേറ്റിയെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ തപാൽ സ്റ്റാംപ് പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനയെ നീതിന്യായ വ്യവസ്ഥ ശക്തിപ്പെടുത്തി. കോവിഡ് മഹാമാരിക്കിടെ ലോകത്തെ വിവിധ രാജ്യങ്ങളിലെ കോടതികൾ നടത്തിയതിനെക്കാൾ കൂടുതൽ വീഡിയോ കോൺഫറൻസിങ് വഴിയുള്ള വിചാരണകൾ നടത്തിയത് ഇന്ത്യയിലെ സുപ്രീം കോടതിയാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ ഭാവിയെ മുന്നിൽക്കണ്ട് നവീകരിക്കുന്നതിന്റെ ഭാഗമായി നിർമിത ബുദ്ധി അടക്കമുള്ളവ പ്രയോജനപ്പെടുത്തും.
നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാൻ സുപ്രീം കോടതി ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് രാജ്യത്തെ എല്ലാ പൗരന്മാർക്കും പറയാൻ കഴിയും. ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്ന കാര്യത്തിലും, വ്യക്തി സ്വാതന്ത്ര്യം ഉറപ്പാക്കുന്ന വിഷയത്തിലും രാജ്യതാത്പര്യത്തിന് മുൻഗണന നൽകേണ്ട സന്ദർഭത്തിലും രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഉത്തരവാദിത്വം തിരിച്ചറിയുകയും അത് ഭംഗിയായി നിർവഹിക്കുകയും ചെയ്തിട്ടുണ്ട്.
നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം സത്യത്തിനുവേണ്ടി നിലകൊള്ളാനുള്ള കരുത്ത് സാധാരണക്കാരന് നൽകി. ഡിജിറ്റൽ ഇന്ത്യ ജുഡീഷ്യറിയെ അതിവേഗം നവീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് രാജ്യത്തെ 18,000 കോടതികൾ കമ്പ്യൂട്ടർവത്കരിച്ചു കഴിഞ്ഞു. വീഡിയോ കോൺഫറൻസിങ്, ടെലി കോൺഫറൻസിങ് വഴിയുള്ള കോടതി നടപടികൾക്ക് സുപ്രീം കോടതി പവിത്രത നൽകിക്കഴിഞ്ഞു. രാജ്യത്തെ എല്ലാ കോടതികളിലും ഇ-പ്രൊസീഡിങ്ങുകൾ അതിവേഗം തുടങ്ങുകയാണ്. കേസുകളുടെ ഇ- ഫയലിങ്, കേസ് വിവരങ്ങൾ ലഭ്യമാക്കാൻ ക്യൂ.ആർ കോഡ് സംവിധാനം എന്നിവ നീതി നിർവഹണത്തിന് പുതിയ ദിശാബോധം നൽകുന്നു. ഹൈക്കോടതികളിലും ജില്ലാ കോടതികളിലും ഇ-സേവാ കേന്ദ്രങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇ-അദാലത്തുകളും ജനങ്ങൾക്ക് അതിവേഗം നീതി ലഭ്യമാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.