kerala
മോദിയെയും അമിത് ഷായേയും കുതിരപ്പുറത്ത് കയറ്റി നഗരം ചുറ്റിച്ചു; ശ്രദ്ധേയമായി യൂത്ത് കോണ്‍ഗ്രസിന്റെ പ്രതീകാത്മക പ്രതിഷേധം
ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും പ്രതീകാത്മകമായി കുതിരകളില്‍ കയറ്റി നഗരം ചുറ്റി സമര പരിപാടി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം ഉദ്ഘാടനം ചെയ്തു. കൊറോണ പ്രതിസന്ധിയില്‍ നിന്നും മുക്തി നേടാത്ത പൊതുജനത്തെ അടിക്കടിയുള്ള പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവ് പ്രതിസന്ധിയിലാക്കുന്നു. അസംസ്‌കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്ന സമയത്താണ് ആണ് കോര്‍പ്പറേറ്റുകളുടെ ലാഭവിഹിതം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി അടിക്കടി എണ്ണവില വര്‍ധിപ്പിക്കുന്നതെന്നും, ഇതിന് കൂട്ടുനില്‍ക്കുകയാണ് നരേന്ദ്രമോദിയെന്നും ഫൈസല്‍ പറഞ്ഞു.
ഒരോ ദിവസവും എണ്ണ വില വര്‍ധിപ്പിക്കുന്നത് മൂലം കേരളത്തിന് ലഭിക്കുന്ന അധിക നികുതി വേണ്ടാന്ന് വയ്ക്കാതെ പിണറായി വിജയനും നരേന്ദ്രമോദിയുടെ പാത പിന്‍തുടരുകയാണെന്നും ഫൈസല്‍ കുളപ്പാടം കൂട്ടിച്ചേര്‍ത്തു. ഷാജഹാന്‍ പാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം, ഗീതാ കൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വേറിട്ട പ്രതിഷേധ പരിപാടി.